മലപ്പുറം: വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം നീളുന്നത് കോണ്‍ഗ്രസിനു മാത്രമറിയാവുന്ന കാരണത്താലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം അനിശ്ചിതമായി തുടരുന്നതില്‍ അതൃപ്തി അറിയിച്ചു . വയനാട് മണ്ഡലത്തെ സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് നേരിട്ട് സന്ദേശമയച്ചു. തീരുമാനം വേഗമുണ്ടായാല്‍ നല്ലതെന്ന് എഐസിസി, കെപിസിസി നേതൃത്വങ്ങളെ അറിയിച്ചതായി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാര്‍ഥിത്വം വൈകുന്നതു സംബന്ധിച്ച് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ എഐസിസി നേതൃത്വവുമായും കെപിസിസി നേതൃത്വവുമായും സംസാരിച്ചെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അനിശ്ചിതമായി വൈകുന്ന സാഹചര്യത്തില്‍ പാണക്കാട്ടു ചേര്‍ന്ന അടിയന്തര നേതൃയോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതു കോണ്‍ഗ്രസിനു മാത്രം അറിയാവുന്ന കാരണങ്ങള്‍ കൊണ്ടാണ്. ഒരുപക്ഷേ പ്രഖ്യാപനം വൈകിയിട്ടില്ലെന്നാവും കോണ്‍ഗ്രസ് കണക്കാക്കുന്നത്. ദേശീയ തലത്തില്‍ ഇത് വൈകലല്ല, എന്നാല്‍ നമുക്ക് ഇവിടെ പ്രഖ്യാപനം വൈകിയെന്ന വിലയിരുത്തലാണുള്ളത്. ഏകപക്ഷീയമായി പ്രചാരണം മുന്നോട്ടുപോവുന്നതു ഗുണം ചെയ്യില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഏറ്റവും സ്വാഗതാര്‍ഹമായ കാര്യമാണ്. ഇക്കാര്യം ഇന്നു രാവിലെയും തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ നീണ്ടുപോവുന്നതുകൊണ്ടാവാം തീരുമാനം നീളുന്നത്. അതിനു മറ്റു വ്യാഖ്യാനങ്ങളൊന്നും നല്‍കേണ്ട കാര്യമില്ല. മറ്റൊരു പാര്‍ട്ടി ഇടപെട്ടതുകൊണ്ടാണ് രാഹുലില്‍ വയനാട്ടില്‍ വരാത്തതെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെക്കുറിച്ച് മുസ്ലിം ലീഗ് അഭിപ്രായമൊമന്നും പറയുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.