വയനാട്: നവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ പ്രതി രണ്ടരമാസത്തിനുശേഷം പിടിയില്‍. വയനാട് വെള്ളമുണ്ട മക്കിയാട് പൂവരഞ്ഞി വാഴയില്‍ ഉമ്മറും(26), ഭാര്യ ഫാത്തിമ(19)യുമാണ് ഇക്കഴിഞ്ഞ ജൂലായ് ആറിന് കിടപ്പ് മുറിയില്‍ അതിക്രൂരമായി വെട്ടേറ്റ് മരിച്ചത്. വിവാഹം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ കൊല ചെയ്യപ്പെടുന്നത്. കഴിഞ്ഞ ജൂലൈ 6നാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ ക്വട്ടേഷന്‍ മുതല്‍ തീവ്രവാദ ബന്ധം വരെ പൊലീസ് സംശയിച്ചിരുന്നവെങ്കിലും ഒടുവില്‍ മോഷമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയായിരുന്നു.
ഇവരുടെ വീട്ടിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ ആദ്യം ചോദ്യം ചെയ്തു തുടര്‍ന്ന് കേരളത്തിലെയും തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെയും 283 സ്ഥിരം മോഷ്ടാക്കളെ ചോദ്യം ചെയ്ത് വിരലടയാളം ശേഖരിച്ചു. ഇതിന്റെ ശാസ്ത്രിയ പരിശോധനക്കൊടുവിലാണ് തൊട്ടില്‍ പാലം സ്വദേശിയായ വിശ്വനാഥന്‍ അറസ്റ്റിലാകുന്നത്. മാനന്തവാടി ഡിവൈഎസ്പി കെ.എം.ദേവസ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിലാണ് പ്രതിയെ തന്ത്രപരമായി വലയില്‍ വീഴ്ത്തിയത്.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പ്രതി കുറ്റ്യാടിയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പോലീസിന് വിവരം ലഭിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കുടുതല്‍ തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. പ്രതികളെ പിടികൂടാത്തതിനാല്‍ പോലീസിന് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുവെയാണ് പ്രതി പിടിയിലാവുന്നത്.