സ്വകാര്യത ഔദാര്യമല്ല അവളുടെ അവകാശമാണ്‌

 

ലൈംഗികാതിക്രമക്കേസുകളില്‍ പരാതിക്കാരിയെ തിരിച്ചറിയുംവിധമുള്ള പരാമര്‍ശങ്ങള്‍ അരുത് എന്നത് പരാതിക്കാരിയോടുള്ള ഔദാര്യമല്ല, അവരുടെ അവകാശവും അവരര്‍ഹിക്കുന്ന നിയമസംരക്ഷണവും ആണ്.ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയോട് ഒരു പാട്രിയാര്‍ക്കല്‍ സമൂഹം തുടരുന്നത് സ്ത്രീവിരുദ്ധവും ക്രൂരവുമായ സമീപനങ്ങളാണ്.

അതിക്രമങ്ങള്‍ക്കുപിറകെ അത്തരം പെരുമാറ്റങ്ങള്‍ക്ക് വിധേയയാകേണ്ടി വരുന്നതിലെ നീതിരാഹിത്യമാണ് ഇതുസംബന്ധിച്ച നിയമപരിഷ്കരണങ്ങളിലേക്ക് നയിച്ചത്. 1983ലെ ക്രിമിനല്‍ നിയമ ഭേദഗതി നിര്‍ദേശങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 228എ വകുപ്പ് കൂട്ടിച്ചേര്‍ക്കപ്പെട്ടു. അതോടെയാണ് ലൈംഗികാതിക്രമകേസുകളില്‍ ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് രണ്ടുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ സ്റ്റേറ്റിനെതിരായ കുറ്റകൃത്യമായി കണക്കാക്കുന്നതുകൊണ്ടാണ് സംഭവം നടന്ന ഇടത്തെ പൊലീസ് ആവലാതിക്കാരും (കംപ്ലയിനന്റ്) അതിക്രമം നേരിട്ട സ്ത്രീ യഥാര്‍ഥ ആവലാതിക്കാരിയു (ഡിഫാക്ടോ കംപ്ലയിനന്റ്) മായി നീതിപീഠത്തിന് മുന്നിലെത്തുന്നത്.

ലൈംഗികാതിക്രമത്തിന് വിധേയയാകുന്ന സ്ത്രീ അനുഭവിക്കുന്ന മാനസികാഘാതവും തുടര്‍ന്നുള്ള സാമൂഹ്യജീവിതത്തില്‍ നിരന്തരം അനുഭവിക്കേണ്ടി വരുന്ന കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും മറികടക്കാനുള്ള മനോബലം ഇന്നും അവള്‍ക്ക് കൈവരിക്കാനാകുന്നില്ല.

ലൈംഗികാതിക്രമക്കേസുകളുടെ ചരിത്രം പരിശോധിച്ചാല്‍, ഇരകളുടെ തുടര്‍ജീവിതത്തില്‍ എന്തു സംഭവിച്ചു എന്ന് അന്വേഷിച്ചാല്‍ സമാധാനത്തിലും സന്തോഷത്തിലും തുടര്‍ജീവിതം സാധ്യമായവര്‍ വിരളം. ആത്മഹത്യ ചെയ്തവര്‍, നാടുവിട്ടവര്‍, നാടുകടത്തപ്പെട്ടവര്‍, മാനസിക നില തെറ്റിയവര്‍, വിഷാദ രോഗികളായവര്‍, പരമാവധി തന്നിലേക്കൊതുങ്ങി സാമൂഹ്യജീവിതം നഷ്ടപ്പെടുത്തിയവര്‍, നിര്‍ബന്ധിത വേശ്യാവൃത്തിയിലേര്‍പ്പെട്ടവര്‍, ക്രിമിനലുകളായി മാറിയവര്‍ തുടങ്ങിയവരാണ് ഏറെയും.
ചുരുക്കം ഇരകളേ അന്വേഷണത്തിന്റെയും വിചാരണയുടെയുമൊക്കെ കടമ്ബകള്‍ മറികടന്ന് അതിജീവിതയായി തലയുയര്‍ത്തിപ്പിടിച്ച്‌ ജീവിക്കുന്നുള്ളൂ.

ഇന്ത്യന്‍ ശിക്ഷാ നിയമം 228എ നിലവില്‍ വന്നശേഷം നടന്ന നിയമപോരാട്ടങ്ങളിലെല്ലാം ജുഡീഷ്യറി ഒരു പരിധിവരെ ഇരയാക്കപ്പെട്ടവരുടെ നീതിക്കായി നിലകൊണ്ടു. ഭൂപേന്ദ്രശര്‍മ v/s സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസില്‍, ഇരയെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നതും കുറ്റപ്പെടുത്തുന്നതും ഒഴിവാക്കാന്‍ ഈ വകുപ്പ് പ്രതിജ്ഞാബദ്ധമാണ് എന്ന് അടിവരയിടുന്നുണ്ട്.
പൊലീസ് രേഖകളില്‍ പോലും വിക്ടിം ഐഡന്റിറ്റി പുറത്തുവിടരുത് എന്ന് 2018ല്‍ സത്യപാല്‍ ആനന്ദ് v/s സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

2018ല്‍ തന്നെ നിപുണ്‍ സക്സേന കേസില്‍ കോടതി രേഖകള്‍ വഴി വിക്ടിം ഐഡന്റിറ്റി ചോര്‍ന്നുപോകാതിരിക്കാനുള്ള കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അജു വര്‍ഗീസ് v/s സ്റ്റേറ്റ് ഓഫ് കേരള കേസില്‍ മേല്‍വിധിന്യായങ്ങളിലൂന്നി കോടതി ഇങ്ങനെ പറഞ്ഞു: “നിയമം അറിയില്ലായിരുന്നു, സാധാരണ മനുഷ്യനാണ്, മാനുഷികമായ പരിമിതികൊണ്ട് എടുത്തുചാടി ചെയ്തുപോയതാണ്, ഇരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന ഉദ്ദേശ്യശുദ്ധിയോടെയായിരുന്നു പേര് വെളിപ്പെടുത്തിയത് തുടങ്ങിയ ന്യായീകരണങ്ങളൊന്നും കുറ്റകൃത്യത്തില്‍നിന്ന് പുറത്തുകടക്കാനുള്ള കാരണങ്ങളല്ല’.

പ്രതിക്കും ഇത്തരം അവകാശങ്ങളുണ്ടെന്നും പ്രതിയുടെ പേരും പുറത്തുവിടാതെ അവര്‍ക്കും നിയമസംരക്ഷണം ലഭ്യമാക്കണം എന്ന വാദമാണ് പുതിയതായി ഉയരുന്നത്. സ്ത്രീപക്ഷ നിയമങ്ങള്‍ പോരാ, പുരുഷപക്ഷ നിയമങ്ങള്‍ കൂടി വേണം എന്ന് ചാനല്‍ ചര്‍ച്ചയില്‍ അലറിവിളിക്കുന്നവരും സമൂഹമാധ്യമങ്ങളില്‍ തള്ളിമറിക്കുന്നവരും ഏറെയുണ്ട്. നിയമസംരക്ഷണത്തിന്റെ ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങള്‍ കാണാതെയാണ് ആര്‍പ്പുവിളികള്‍. കോടതിമുറിക്ക് മുന്നില്‍ കേസെത്തുംമുമ്ബുള്ള മാധ്യമ വിചാരണകള്‍ അഭികാമ്യമല്ലെങ്കിലും പ്രതികളില്‍നിന്ന് തുടര്‍ന്ന് കുറ്റകൃത്യങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതപ്പെടുത്തലാണ് പ്രതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തല്‍. പിന്നീടുള്ള ഉല്‍കണ്ഠ നിരപരാധികള്‍ പ്രതി ചേര്‍ക്കപ്പെടുമ്ബോള്‍ അവരുടെ തകരുന്ന ഇമേജിനെ കുറിച്ചോര്‍ത്താണ്. വളരെ ചുരുക്കം ശതമാനം ലൈംഗികാതിക്രമ കേസുകള്‍ മാത്രമേ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകപോലും ചെയ്യുന്നുള്ളൂ എന്ന പരാമര്‍ശമുള്ള ജസ്റ്റിസ് വര്‍മ കമീഷന്‍ റിപ്പോര്‍ട്ട് നമ്മെ തുറിച്ചുനോക്കുന്നുണ്ട് എന്ന വസ്തുത മറന്നുകൊണ്ടാണ് ഈ ഉല്‍കണ്ഠ.

മാധവിക്കുട്ടി എഴുതിയപോലെ ഒന്ന് ഡെറ്റോളിട്ട് കുളിച്ചാല്‍ തീരുന്ന പ്രശ്നമായി മാത്രമായി ഒരു ലൈംഗികാതിക്രമത്തെ കാണാനാകുംവിധം അതിന് വിധേയയായ സ്ത്രീയും അവരെ ഉള്‍ക്കൊള്ളുന്ന സമൂഹവും മാറേണ്ടതുണ്ട്. അങ്ങനെ ഒരിടത്ത് ഐപിസി 228എയുടെ നിയമ പരിരക്ഷ ഇല്ലാതെ തന്നെ അവള്‍ക്ക് തലയുയര്‍ത്തി നടക്കാനാകുന്ന കാലം വരും; എസ് സിതാരയുടെ അഗ്നിയിലെ നായികയെപ്പോലെ. സമൂഹം ആ നിലയിലേക്ക് വളരും വരെ 228എയുടെ പരിരക്ഷ അവളുടെ അവകാശമാണ്, ആരുടെയും ഔദാര്യമല്ല.

ലൈംഗികാതിക്രമത്തിന് വിധേയയായ സ്ത്രീയെ അവളുടെ മുറിവിന്റെ ആഴം തിരിച്ചറിഞ്ഞ്, വേദനിപ്പിക്കാതെ ചേര്‍ത്ത് പിടിക്കാനാണ് നാം പഠിക്കേണ്ടത്. അതിക്രമത്തിന്റെ ആഘാതത്തില്‍നിന്ന് പുറത്തുകടക്കാന്‍, ഫലപ്രദമായ കേസന്വേഷണം നടക്കുന്നു എന്ന് ഉറപ്പു വരുത്താന്‍, കോടതി നടപടികളുടെ സങ്കീര്‍ണതകളെ മുറിച്ച്‌ കടക്കാന്‍ ത്രാണിയുള്ളവളാക്കി മാറ്റി എടുക്കാന്‍ അവള്‍ക്കൊപ്പം നില്‍ക്കണം. കണ്ണീര് കുടിച്ചു വറ്റിച്ച്‌ കലങ്ങിപ്പോകുന്ന ജീവിതങ്ങളെ തെളിച്ചമുള്ളതാക്കാന്‍ ഇരയില്‍നിന്ന് അതിജീവിതയിലേക്കുള്ള കഠിനവഴികളില്‍ അവള്‍ക്കൊപ്പം നിലകൊള്ളണം.

Top