യുപിയിൽ ആശുപത്രിയിലെ നവജാത ശിശുക്കളുടെ ആശുപത്രിവാർഡിലുണ്ടായ തീപിടുത്തത്തിൽ 10 നവജാതശിശുക്കൾ മരിച്ചു. ജാൻസിയിലെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളേജിലാണ് അപകടം നടന്നത്. ഇന്ന് രാത്രി 10.35 ഓടെയാണ് സംഭവം. ഓക്സിജൻ കോൺസൻട്രേറ്ററിലുണ്ടായ തീപിടുത്തമാണ് അപകടകാരണമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
54 കുട്ടികളാണ് എൻഐസിയുവിൽ ഉണ്ടായിരുന്നത്. വളരെ പെട്ടെന്നാണ് അപകടനം നടന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ വളരെ വേഗത്തിൽ നടന്നെങ്കിലും മുറിയിൽ ഓക്‌സിജൻ കൂടുതലായതിനാൽ തീ പെട്ടെന്ന് പടർന്നു. നിരവധി കുട്ടികളെ രക്ഷപ്പെടുത്തി. 10 കുട്ടികൾ മരിച്ചു. പരിക്കേറ്റ കുഞ്ഞുങ്ങൾ ചികിത്സയിലാണ്’, സൂപ്രണ്ട് അറിയിച്ചു. ഇനിയും മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
അതേസമയം ആശുപത്രിക്ക് മുൻപിൽ ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് അറിയാതെ വേവലാതിയോടെ കരയുന്ന അമ്മമാരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം കുട്ടികളുടെ കുടുംബത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. അടിയന്തര നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.