അച്ഛനെതിരെ പരാതി നല്‍കാന്‍ 12 വയസ്സുകാരന്‍ സ്റ്റേഷനിലെത്തി; പ്രശ്‌നം പൊലീസുകാര്‍ കൈകാര്യം ചെയ്തു  

ഇറ്റാവ: അച്ഛനെതിരെ പരാതി നല്‍കാന്‍ പന്ത്രണ്ട് വയസ്സുകാരന്‍ പൊലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ ഇറ്റാവ സ്വദേശിയായ ഓം നാരായണ്‍ ഗുപ്ത എന്ന് 12 വയസ്സുകാരനാണ് പിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പിതാവിന് കുടുംബം നോക്കാന്‍ സമയമില്ലെന്നാണ് ബാലന്റെ പരാതി. അതുകൊണ്ട് പൊലീസുകാര്‍ അച്ഛനെ അറസ്റ്റ് ചെയ്ത് ഉപദേശിക്കണമെന്നാണ് ഓം നാരയണ്‍ ഗുപ്ത പൊലീസിനോട് പറഞ്ഞത്. അയല്‍ വീടുകളിലുള്ള എല്ലാ കുട്ടികളെയും കൊണ്ട് അവരുടെ മാതാപിതാക്കള്‍ നഗരത്തില്‍ പുതുതായി വന്ന മേളയ്ക്ക് പോയപ്പോള്‍ തങ്ങള്‍ മാത്രം പോയില്ല എന്നും ബാലന്‍ പറയുന്നു, ഇക്കാര്യം ഞാന്‍ പൊലീസിനോട് പറയുമെന്ന് പറഞ്ഞപ്പോള്‍ തന്നെ പേടിപ്പിച്ച് ഓടിച്ചതായും ഓം നാരയണ്‍ ഗുപ്ത പോലീസിനോട് പരാതിപ്പെട്ടു. നഗരത്തില്‍ കച്ചവടക്കാരനാണ് ഓം നാരായണ്‍ ഗുപ്തയുടെ പിതാവ്. അതു കൊണ്ട് തന്നെ അദ്ദേഹത്തിന് തിരക്കൊഴിഞ്ഞ് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ല. ബാലന്റെ പരാതി കേട്ട പൊലീസുകാര്‍ ഓം നാരായണിനെയും പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങളിലെ 40 ഓളം കുട്ടികളെയും കൂട്ടി മേള കാണാന്‍ കൊണ്ട് പോയി പ്രശ്‌നം ഒത്തുതീര്‍പ്പാക്കി.

Top