പട്ന: ഡോക്ടര്‍മാരുടെ സമരത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ 15 രോഗികള്‍ മരണപ്പെട്ടു. ബിഹാറിലെ പട്ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് സംഭവം. ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയതിനെ തുടര്‍ന്നാണ് അത്യാഹിതം ഉണ്ടായത്. വ്യാഴാഴ്ച രാത്രിയോടെയാണ് അഞ്ഞൂറോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്.
ആശുപത്രിയിലെത്തിച്ച ഉടന്‍ മരണമടഞ്ഞ ഒരു രോഗിയുടെ ബന്ധുക്കള്‍ ചില ഡോക്ടര്‍മാരെ മര്‍ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഡോക്ടര്‍മാരെ ആക്രമിച്ച രോഗിയുടെ ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
വ്യാഴാഴ്ച രാത്രിയോടെ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന 15 രോഗികള്‍ ചികിത്സ ലഭിക്കാത്തതു മൂലം മരിച്ചതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമരത്തെ തുടര്‍ന്ന് ഇതുവരെ 36 ശസ്ത്രക്രിയകളാണ് മാറ്റിവച്ചിട്ടുള്ളത്.
സമരം നിരവധി രോഗികളെ ദുരിതത്തിലാക്കി. സ്വകാര്യ ആശുപത്രിയിലേക്കും നഴ്സിങ് ഹോമുകളിലേക്കും ചികിത്സ തേടിപ്പോകാന്‍ നിരവധി രോഗികള്‍ നിര്‍ബന്ധിതരായെന്നും അധികൃതര്‍ അറിയിച്ചു. അത്യാഹിത വിഭാഗങ്ങളില്‍ സീനിയര്‍ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുള്ളതായി പി എം സി എച്ച് ആക്ടിങ് പ്രിന്‍സിപ്പല്‍ വി കെ ഗുപ്ത അറിയിച്ചിട്ടുണ്ട്