പിണറായിക്കോട്ടയെ പ്രകമ്പനം കൊള്ളിച്ച പെണ്‍പുലി: പ്രതിഷേധത്തിന്റെ കനലിലൂടെ നടന്ന ശില്‍പയെ പരിചയപ്പെടാം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വധശ്രമത്തിന് പിന്നാലെ പുറത്തുവന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ സമരമാണ് കെ.എസ്.യു സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്നത്. രണ്ട് ദിവസമായി നീളുന്ന സമരത്തില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയ കെഎസ്യു വിദ്യാര്‍ഥികള്‍ മതില്‍ ചാടിക്കടന്ന് സെക്രട്ടേറിയറ്റ് വളപ്പല്‍ കടന്നു. ഒരു വനിത ഉള്‍പ്പെടെ നാലുപേരാണ് അകത്തെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കിലേക്കുള്ള വാതിലിനു മുന്നില്‍ പൊലീസ് ഇവരെ തടഞ്ഞു. ആണ്‍കുട്ടികളെ പൊലീസ് നീക്കിയെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയെ തടയാനായില്ല. ഉള്ളില്‍ കടക്കാതിരിക്കാനായി ഗ്രില്‍സ് പൂട്ടിയതോടെ പെണ്‍കുട്ടി പുറത്തു നിന്നു മുദ്രാവാക്യം മുഴക്കി. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്നു വനിതാ പൊലീസ് എത്തിയെങ്കിലും ശ്രമകരമായാണ് പെണ്‍കുട്ടിയെ നീക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വനിത പൊലീസ് ഇല്ലാതിരുന്നതിനാല്‍ പ്രതിഷേധവുമായി എത്തിയ പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നിലേക്ക് എത്തുകയായിരുന്നു. ഒപ്പമെത്തിയ മൂന്ന് ആണ്‍കുട്ടികളെ പൊലീസ് തുടക്കത്തില്‍തന്നെ തടഞ്ഞിരുന്നു. പെണ്‍കുട്ടിയെ മഫ്തിയിലുള്ള വനിത പൊലീസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അവര്‍ നിലത്തുകിടന്ന് എതിര്‍ത്തു. കൂടുതല്‍ വനിതാ പൊലീസെത്തിയാണ് പെണ്‍കുട്ടിയെ ഇവിടെനിന്നു മാറ്റിയത്. കെഎസ്യു സംസ്ഥാന സെക്രട്ടറി ശില്‍പയാണ് ശക്തമായ പ്രതിഷേധവുമായി ഇവിടെയെത്തിയത്.

യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിനെ പുറത്താക്കുക, കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലും കോളജ് യൂണിറ്റ് മുറിയിലും സര്‍വകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.

ആദ്യം ഓടിയെത്തിയ പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുമാറ്റിയെങ്കിലും ശില്‍പ്പ എന്ന പെണ്‍പുലിയെ അത്ര പെട്ടെന്ന് കീഴടക്കാനായില്ല. മുദ്രാവാക്യം വിളിയോടെ ശില്‍പ്പ സെക്രട്ടേറിയറ്റിനെ പ്രകമ്പനം കൊള്ളിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞിരിക്കുകയാണ് ശില്‍പ്പ. കെ.എസ്.യു നേതൃത്വത്തിനിടെയില്‍ പെട്ടെന്ന് മുളച്ചുവന്ന നേതാവല്ല ഈ കോണ്‍ഗ്രസുകാരി. തൃശൂര്‍ അരിമ്പൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മെമ്പറാണ്.

21ാം വയസിലാണ് ശില്‍പ്പ പൊതുസേവനത്തിനായി പഞ്ചായത്ത് മെമ്പര്‍ കുപ്പായം അണിഞ്ഞത്. നിലവില്‍ കെ.എസ്.യുവിന്റെ സംസ്ഥാന സെക്രട്ടറിയാണ്. പഠിക്കുന്നകാലത്ത് തന്നെ കോളേജിനെ പല സമരങ്ങളിലൂടെയും ശില്‍പ്പ വിറപ്പിച്ചിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെയെത്തിയ ശില്‍പ്പയെ പിടിച്ചുമാറ്റാന്‍ വനിതാ പൊലീസ് ഇല്ലാതിരുന്നത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. കെ.എസ്.യുവിന്റെ മുദ്രാവാക്യവുമായി ശില്‍പ്പ മിനിറ്റുകളോളം മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചു. പിന്നീട് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ശില്‍പ്പയെ മാറ്റുകയായിരുന്നു. അഭിഭാഷക എന്ന നിലയിലും പേരെടുത്ത ശില്‍പ്പ പരമേശ്വരന്‍, ഓമന എന്നിവരുടെ മകളാണ്.

Top