പുതുവൈപ്പിന്‍കാര്‍ക്ക് നേരെ പൊലീസിന്റെ നരനായാട്ട്..

എറണാകുളം: പുതുവൈപ്പിന്‍കാര്‍ക്ക് നേരെ പൊലീസിന്റെ നരനായാട്ട്.സമാധാനപരമായാ സമരത്തിനു നേരെ പോലീസ് നരനായാട്ട് നടത്തി എന്നാണ് ആരോപണം . പൊലീസിന്റെ ലാത്തിച്ചാര്‍ജ് അതിരുവിട്ടെന്നും പരാതിയുണ്ട്. ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെയുളള പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാക്കുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് സമരത്തിനിറങ്ങിയ സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കെതിരെയാണ് പൊലീസ് തേര്‍വാഴ്ച നടത്തിയത്. സമരത്തിനെത്തിയ നിരവധി പ്രദേശവാസികളുടെ തലയ്ക്കു നേരെയായിരുന്നു പൊലീസിന്റെ ലാത്തി പ്രയോഗം. പൊലീസിന്റെ ആക്രമണത്തില്‍ സ്ത്രീകളടക്കമുളളവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.ഞായറാഴ്ച രാവിലെ പ്ലാന്‍റിെന്‍റ നിര്‍മാണ ജോലികള്‍ പുനരാരംഭിക്കുന്നത് തടയാനുള്ള നാട്ടുകാരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്ലാന്‍റിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ തൊട്ടടുത്ത ദിവസം തന്നെ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇന്ന് പ്രതിഷേധവുമായി എത്തിയതും സമരം പുനരാരംഭിച്ചതും. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പ്. കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി എത്തുന്നേരം ചര്‍ച്ച നടത്താമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. സമരസമിതിയും വരാപ്പുഴ അതിരൂപത ആക്ഷന്‍ കൗണ്‍സിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചര്‍ച്ച നടന്നിരുന്നില്ല.
കൂടാതെ ചര്‍ച്ച നടക്കുന്നത് വരെ പുതുവൈപ്പിനില്‍ നിന്നും പൊലീസിനെ പിന്‍വലിക്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചിരുന്നു. ഇത്തരം ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജംക്ഷനില്‍ നടന്നിരുന്ന സമരവും പുതവൈപ്പിനിലെ പ്രക്ഷോഭപരിപാടികളും ഇന്നലെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇന്നുരാവിലെ മുതല്‍ പുതുവൈപ്പില്‍ ഐഒസി അധികൃതരും തൊഴിലാളികളും എത്തുകയും പൊലീസ് സംരക്ഷണത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതും. ഐഒസിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തേക്ക് സമരക്കാര്‍ തളളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിച്ചത്.ജൂലൈ നാലിന് ഗ്രീന്‍ ട്രൈബ്യൂണല്‍ കേസ് പരിഗണിക്കും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ ഉറപ്പ് ലംഘിക്കെപ്പട്ടതിനെ തുടര്‍ന്നാണ് ഉപരോധം സംഘടിപ്പിച്ചത്. 121ദിവസങ്ങള്‍ നീണ്ട ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്കൊടുവിലായിരുന്നു മന്ത്രി ഉറപ്പ് നല്‍കിയിരുന്നത്.ഇന്ത്യന്‍ ഒായില്‍ കോര്‍പറേഷന്‍ (െഎ.ഒ.സി) എറണാകുളം ജില്ലയില്‍ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പില്‍ സ്ഥാപിക്കുന്ന എല്‍.പി.ജി ഇറക്കുമതി സംഭരണകേന്ദ്രത്തിനെതിരെ നാട്ടുകാര്‍ എട്ടു വര്‍ഷം മുമ്പ് തുടങ്ങിവെച്ച പ്രതിഷേധം കഴിഞ്ഞ ഫെബ്രുവരി 16നാണ് അനിശ്ചിതകാല ഉപരോധ സമരമായി രൂപം മാറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top