
ശ്രീനഗര്‍:ഇന്ത്യയെ ആക്രമിക്കാന്‍ നിയന്ത്രണരേഖയില്‍ 150 ഭീകരര്‍ തയാറായിരിക്കുന്നു. നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് അധിനിവേശ കശ്മീരില്‍ ആണ് 150ല്‍ പരം ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ തയാറായിരിക്കുകയാണെന്നുള്ള ഞെട്ടിക്കുന്ന വിവരം സൈന്യം അറിയിച്ചത് . കശ്മീര്‍ താഴ്‍വരയുടെ ചുമതലയുള്ള 15 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ജെ.എസ്. സന്ധുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാക്ക് അധിനിവേശ കശ്മീരിലെ ലോഞ്ചിങ് പാഡുകളില്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാനായി ഭീകരര്‍ തയാറായിരിക്കുകയാണ്.
അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ പൂഞ്ച്, രജൗറി തുടങ്ങിയ സ്ഥലങ്ങളിലേക്കു നുഴഞ്ഞു കയറാനാണ് സാധ്യത. എന്നാല്‍, സൈന്യത്തിന്റെ ശക്തമായ ഇടപെടലാണു ഭീകരരുടെ നീക്കത്തെ പരാജയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നുഴഞ്ഞുകയറ്റം കുറവാണെന്നും സൈന്യം അറിയിച്ചു. ശക്തമായ മഞ്ഞുവീഴ്ച കാരണം ഭീകരര്‍ക്കു നുഴഞ്ഞു കയറാന്‍ സാധിക്കുന്നില്ല. ഇതും വലിയ സഹായമാണെന്ന് ലഫ് ജനറല്‍ ജെ.എസ്. സന്ധു പറഞ്ഞു.ഉറിയിലെ സൈനിക കേന്ദ്രത്തിനുനേര്‍ക്കുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ അതിര്‍ത്തികടക്കാന്‍ ലോഞ്ച് പാഡുകളില്‍ കാത്തിരുന്ന ഭീകരരെ വധിച്ചിരുന്നു. ഇതിന്റെ ചൂടാറിയതോടെ ലോഞ്ച് പാഡുകള്‍ സജീവമായതായി സൈന്യം വ്യക്തമാക്കിയിരുന്നു.