ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.പ്രതികളായ നാല് പുരോഹിതര്‍ കീഴടങ്ങി

പാലക്കാട്: വാളയാര്‍ ചന്ദ്രാപുരത്തെ സ്റ്റെന്‍സിലാസ് പള്ളിക്കടുത്തുള്ള വികാരിയുടെ വീട്ടില്‍ 17കാരി കൊല്ലപ്പെട്ട കേസില്‍ വിവരം പോലിസില്‍ അറിയിക്കാതെ മറച്ചുവച്ചുവെന്ന കേസില്‍ ഒളിവിലായിരുന്ന നാല് പുരോഹിതര്‍ പാലക്കാട് ഡിവൈഎസ്പി എം സുള്‍ഫിക്കറിന് മുന്നില്‍ കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം അവരെ സ്വന്തം ജ്യാമ്യത്തില്‍ വിട്ടയച്ചു. നേരത്തേ പാലക്കാട് ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതി ഇവര്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.പാലക്കാട് ഡിവൈഎസ്പി ഓഫിസില്‍ എത്തിയാണ് വൈദികര്‍ കീഴടങ്ങിയത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

പ്രതി ആരോഗ്യരാജിന് പിന്നാലെ സ്‌റ്റെന്‍സിലാസ് ചര്‍ച്ചിലെ വികാരി ഫാദര്‍ മതലൈമുത്തു, കോയമ്പത്തൂര്‍ കോട്ടൂര്‍ ക്രൈസ്റ്റ് കിംഗ് ചര്‍ച്ചിലെ ഫാദര്‍ കുളന്തരാജ്, കോയമ്പത്തൂര്‍ ബിഷപ്പ് ഹൗസിലെ ഫാദര്‍ മേല്‍ക്യൂര്‍ എന്നിവരാണ് കീഴടങ്ങിയത്. അതേസമയം രണ്ടുവര്‍ഷം പഴക്കമുള്ള സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള കോയമ്പത്തൂര്‍ ബിഷപ്പ് ഡോ. തോമസ് അക്യുനസ്, ഒളിവില്‍ പോയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കീഴടങ്ങിയ പുരോഹിതരുടെ മൊഴിയെടുത്ത് നിയമോപദേശം തേടിയതിനു ശേഷം 17ന് കോടതിയില്‍ കുറ്റപത്രം നല്‍കുമെന്ന് കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി എം സുള്‍ഫിക്കര്‍ അറിയിച്ചു. ഈ കേസിലെ മുഖ്യപ്രതി ആരോഗ്യരാജിനെ കഴിഞ്ഞ ഡിസംബര്‍ ആറിന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വത്തിക്കാനില്‍ നിന്നും പോപ്പ് ആരോഗ്യരാജിനെ വൈദിക പദവിയില്‍ നിന്നു പിരിച്ചു വിട്ടിരുന്നു. 2013 ജൂലൈ 23നാണ് ഫാത്തിമ സോഫിയയെ ദൂരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോയമ്പത്തൂര്‍ സ്വാമിയാര്‍ ന്യൂ വീഥിയില്‍ സഹായരാജിന്റേയും ശാന്തി റോസിലിയുടെയും മകളാണ് ഈ പതിനേഴുകാരി. ചന്ദ്രാപുരം സെന്റ് സ്റ്റെന്‍സിലാസ് പള്ളിയിലെ വികാരിയായിരുന്ന ഫാദര്‍ ആരോഗ്യരാജ് താമസിച്ചിരുന്ന വീട്ടിലെ മുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കോയമ്പത്തൂര്‍ ശ്രീകൃഷ്ണ കോളജില്‍ ഒന്നാം വര്‍ഷ ബികോമിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഫാത്തിമ സോഫിയ. കോയമ്പത്തൂരില്‍ പള്ളി വികാരിയായിരുന്ന ആരോഗ്യരാജ് ഫാത്തിമ സോഫിയയുടെ കുടുംബ സുഹൃത്ത് ആയിരുന്നു.
മരണം നടന്നദിവസം കോയമ്പത്തൂരിലെ വീട്ടില്‍ നിന്നു ചികില്‍സിക്കുന്ന ഡോക്ടര്‍ വാളയാര്‍ വരുന്നുണ്ടെന്നു പറഞ്ഞു സോഫിയയെ ആരോഗ്യരാജ് കാറില്‍ കൊണ്ടു വന്നു പകല്‍ പന്ത്രണ്ടോടെ ആരോഗ്യരാജ് താമസിച്ച വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ചതാണെന്ന് പറഞ്ഞു വാളയാര്‍ പോലിസ് കേസ് എഴുതിത്തള്ളി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലും തൂങ്ങി മരണം ആണെന്ന് വ്യക്തമാക്കിയതോടെ സോഫിയയുടെ അമ്മ ശാന്തി റോസിലി മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ചു കോടതിയില്‍ ഹരജി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ആരോഗ്യരാജിനെ അറസ്റ്റ് ചെയ്തു.

മകളുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും മാതാവിന് തെളിയിക്കാന്‍ കഴിഞ്ഞു.സോഫിയായുടെ കുടുംബവുമായി പരിചയമുണ്ടായിരുന്ന ഫാദര്‍ ആരോഗ്യരാജ് എന്ന വൈദികന്‍ വീട്ടില്‍ ആരുമില്ലായിരുന്ന നേരത്ത് പെണ്‍കുട്ടിയെ ചന്ദ്രഗിരിയിലുള്ള പള്ളി ബംഗ്ലാവിലേക്ക് കൂട്ടി കൊണ്ടുപോവുകയും അവിടെ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതു ചെറുത്ത പെണ്‍കുട്ടിയെ ആരോഗ്യരാജ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. ഘാതകന്‍ ഫാദര്‍ ആരോഗ്യരാജിനെ 2015 ഡിസംബറില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ആരോഗ്യരാജ് നടത്തിയ കൊലപാതകത്തെ കുറിച്ചു വൈദികര്‍ക്ക് അറിവുണ്ടായിരുന്നു. ഇത് മറച്ചുവെച്ച് ആരോഗ്യരാജിനെ സഭനിയമപ്രകാരമുള്ള ശിക്ഷാനടപടിക്കു മാത്രം വിധേയനാക്കുകയാണ് ചെയതത്. ശാന്തി നടത്തിയ അന്വേഷണത്തില്‍ ആരോഗ്യരാജ് കുറ്റസമ്മതം നടത്തുകയും വികാരിമാരില്‍ ചിലര്‍ തങ്ങള്‍ക്ക് അറിവുള്ള സത്യം തുറന്നു പറയുകയും ചെയ്തിരുന്നു. ഈ സംഭാഷണങ്ങള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത ശാന്തി പൊലീസില്‍ തെളിവായി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നുആരോഗ്യരാജിനെ അറസ്റ്റ് ചെയ്യുകയും ബിഷപ്പ് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ശാന്തി റോസ്ലിനെ സഭയില്‍ നിന്നും പുറത്താക്കിയാണ് വൈദികള്‍ പ്രതികരിച്ചത്. എന്നാല്‍ മകളുടെ ഘാതകരെ വിടാതെ പിന്തുടര്‍ന്ന ശാന്തിയുടെ പ്രയത്‌നങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഘട്ടം എത്തിയപ്പോള്‍ ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കേരള ഹൈക്കോടതി ഇവര്‍ക്കു ജാമ്യം നിഷേധിക്കുകയും ചെയ്തു. പാലക്കാട് കോടതിയില്‍ ഓരോരോ കാരണങ്ങള്‍ നിരത്തി വൈദികര്‍ കോടതിയില്‍ എത്താതെ ഒളിച്ചുകളി തുടര്‍ന്നു.

കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന പാലക്കാട് പോലീസ് ഉന്നതര്‍ക്കും ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ വന്നതോടെ കഴിഞ്ഞ ആഴ്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ കണ്ട് ശാന്തി പരാതി നല്‍കുകയായിരുന്നു. കേസില്‍ പ്രത്യേക താത്പര്യം എടുത്ത ഡിജിപി നെയ്യാറ്റിന്‍കരയിലേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനോട് തന്നെ വൈദികരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു.

Top