മുംബൈ: ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ പെണ്‍കുട്ടിയുടെ പുറത്തും തലയിലും തലോടുന്നത് സ്ത്രീത്വത്തെ അധിക്ഷേപിക്കല്‍ ആകില്ലെന്ന് ബോംബൈ ഹൈക്കോടതി. സ്ത്രീത്വത്തെഅധിക്ഷേപിച്ചെന്ന കേസില്‍ 28 കാരനെ വെറുതെ വിട്ടുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം.
12 വയസുകാരിക്ക് നേരെ ലൈംഗികാതക്രമം നടത്തിയെന്ന പേരില്‍ അന്ന് 18 വയസുകാരനായ യുവാവിനെതിരെ 2012ലാണ് കേസ് എടുത്തത്.
നീയങ്ങ് വളര്‍ന്നല്ലോ എന്നു പറഞ്ഞ് യുവാവ് പുറത്തും തലയിലും തലോടിയെന്നായിരുന്നു പരാതി. കേസില്‍ യുവാവ് കുറ്റക്കാരനെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഒരു സ്ത്രീയെ അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചെന്ന് തെളിയിക്കാനായാല്‍ മാത്രമേ ഇത്തരമൊരു കേസ് നിലനില്‍ക്കൂ. പെണ്‍കുട്ടിയെ വെറും കുട്ടിയായി മാത്രമാണ് പ്രതി കണ്ടിട്ടുള്ളതെന്നാണ് മൊഴി. ലൈംഗികമായി പെണ്‍കുട്ടിയെ സമീപിച്ചെന്ന് കരുതാനാകില്ല.
പുറത്തും തലയിലും തലോടി എന്നല്ലാതെ ഒരു ആക്ഷേപം പ്രോസിക്യൂഷനില്ല. തെറ്റായ ഉദ്ദേശം പ്രതിക്കുണ്ടെന്ന് പെണ്‍കുട്ടിയും പറഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ അന്തസിന് കളങ്കം വരുത്തണമെന്ന ലക്ഷ്യം പ്രതിക്കുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.


