ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശ വിധി അവസാന വാക്കല്ലല്ലോയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. കേസ് വിശാല ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ നിലവിലെ വിധി അന്തിമമല്ലെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ബിന്ദു അമ്മിണിയുടെ പരാതി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ണായകമായ പരാമര്‍ശം.ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്ന ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും വിധിയെ നിരാകരിക്കാന്‍ കഴിയില്ലെന്നും ഇന്ദിരാ ജയ്‌സിങ് മറുപടി നല്‍കി.
ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് ബിന്ദു അമ്മിണി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം, പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം, ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണം തുടങ്ങിയ കാര്യങ്ങളാണ് ബിന്ദു അമ്മിണി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണി, കൊച്ചിയില്‍ പൊലീസ് കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ വച്ച് ആക്രമിക്കപ്പെട്ട കാര്യവും ഇന്ദിരാ ജയ്‌സിങ് സുപ്രീംകോടതിയെ ധരിപ്പിച്ചു. ബിന്ദുവിന്റെ മുഖത്ത് രാസവസ്തുക്കള്‍ സ്‌പ്രേ ചെയ്തുവെന്ന് ഇന്ദിരാ ജയ്‌സിങ് പറഞ്ഞു. സുപ്രീംകോടതി വിധി ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ യുവതീ പ്രവേശം അനുവദിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും യുവതീപ്രവേശം തടയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബിന്ദു അമ്മിണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞവര്‍ഷം ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിക്കു നേരേ കൊച്ചി പൊലീസ് കമ്മിഷണര്‍ ഓഫിസ് പരിസരത്തു വച്ച് ഹിന്ദു ഹെല്‍പ് ലൈന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ശ്രീനാഥ് പത്മനാഭന്‍ മുളകുസ്‌പ്രേ പ്രയോഗിച്ചിരുന്നു.
കാറില്‍ നിന്ന് ഫയല്‍ എടുത്ത് വരുന്ന വഴി കുതിച്ചെത്തിയ ശ്രീനാഥ് പത്മനാഭന്‍ ഇവര്‍ക്കുനേരെ മുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘത്തിനും ഒപ്പമാണ് ബിന്ദു അമ്മിണി എത്തിയത്. ജനുവരി രണ്ടിന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശബരിമല ദര്‍ശനത്തിനു പോകുമെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ബിന്ദു അമ്മിണിയുടെ ഹര്‍ജി പരിഗണിക്കുന്നത് അടുത്താഴ്ചയ്ക്ക് മാറ്റുകയായിരുന്നു. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് രഹന ഫാത്തിമ സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അടുത്താഴ്ച പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം എസ്എ ബോംബ്‌ഡെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോയെന്ന കാര്യത്തില്‍ ഈ ആഴ്ച തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തേക്കുമെന്നും സൂചനയുണ്ട്.