ഹോങ്കോങ്ങ് തീപിടിത്തം: മരണം 44 ആയി, 279 പേരെ കാണാനില്ല; മൂന്നുപേര്‍ അറസ്റ്റില്‍

ഹോങ്കോങ്ങ്: ഹോങ്കോങ്ങില്‍ ദശാബ്ദങ്ങള്‍ക്കിടെ ഉണ്ടായ ഏറ്റവും വലിയ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി ഉയര്‍ന്നു. ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 279 പേരെ കാണാതായി. 62 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റും പുക ശ്വസിച്ചതിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളുമായാണ് പലരും ആശുപത്രിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തീപിടിത്തമുണ്ടായ ബഹുനില കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.

വാങ് ഫുക് കോര്‍ട്ട് എന്ന ഉയര്‍ന്ന കെട്ടിട സമുച്ചയത്തിലാണ് ബുധനാഴ്ച തീ പടര്‍ന്നുപിടിച്ചത്. മരിച്ചവരില്‍ 37 വയസ്സുള്ള ഒരു അഗ്‌നിശമന സേനാംഗവും ഉള്‍പ്പെടുന്നു. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ന്യൂ ടെറിട്ടറീസിലെ തായ് പോയിലാണ് ഈ കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഏഴ് നിലകളുള്ള കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നു. ഏകദേശം 2,000 ഫ്‌ലാറ്റുകളുള്ള എട്ട് ടവറുകളാണ് ഈ കോംപ്ലക്സിലുള്ളത്. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച തീപിടുത്തം രാത്രി വൈകിയും നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ അധികൃതര്‍ അപകട നില ലെവല്‍ 5-ലേക്ക് ഉയര്‍ത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറ്റകുറ്റപ്പണികള്‍ക്കായി സ്ഥാപിച്ച മുളകൊണ്ടുള്ള സ്‌കാഫോള്‍ഡിംഗില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചതെന്നാണ് പ്രാഥമിക സൂചന. തുടര്‍ന്ന് തീജ്വാലകള്‍ പല അപ്പാര്‍ട്ട്മെന്റ് ബ്ലോക്കുകള്‍ക്ക് ചുറ്റുമുള്ള സ്‌കാഫോള്‍ഡിംഗുകളിലേക്കും നിര്‍മാണ വലകളിലേക്കും പടര്‍ന്നു. ശക്തമായ കാറ്റും നിര്‍മ്മാണ അവശിഷ്ടങ്ങളും തീ വേഗത്തില്‍ പടരാന്‍ കാരണമായി. പല താമസക്കാരും പ്രായമായവരായതിനാല്‍ വേഗത്തില്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അറ്റകുറ്റപ്പണികള്‍ കാരണം ജനലുകള്‍ അടച്ചിട്ടിരുന്നതിനാല്‍ തീപിടുത്തം ഉണ്ടായത് അയല്‍ക്കാര്‍ വിളിച്ചറിയിച്ചപ്പോഴാണ് പലരും അറിഞ്ഞതെന്നും താമസക്കാര്‍ വ്യക്തമാക്കി.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഹോങ്കോങ്ങ് നേതാവ് ജോണ്‍ ലീയും മരണപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചു. സംഭവസ്ഥലത്തു നിന്നുള്ള നിരവധി വീഡിയോകള്‍ പ്രചരിച്ചു. വിവിധ കെട്ടിടങ്ങളിലേക്ക് തീ പടരുന്നതും അപ്പാര്‍ട്ടുമെന്റുകളുടെയും ജനാലകളില്‍ നിന്ന് തീജ്വാലകളും പുകയും ഉയരുന്നതും കാണാം. അഗ്‌നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതും കാണാം.

 

Top