വാഷിങ്ടണ്‍:ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ വര്‍ദ്ധിക്കുന്നതായി അമേരിക്ക. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ 800 ഓളം ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2014 വര്‍ഷത്തെ ഇന്റര്‍ നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സാധ്വി നിരഞ്ജന്‍ ജ്യോതി, പ്രവീണ്‍ തൊഗാഡിയ തുടങ്ങിയ ഹിന്ദു മത മൗലിക വാദികളുടെ തീവ്രവികാരമുണര്‍ത്തുന്ന പ്രസ്താവനകളും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
മാധ്യമ വാര്‍ത്തകളുടേയും സംഭവങ്ങളുടേയും അടിസ്ഥാനത്തിലാണ് ഓരോ വര്‍ഷവും ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 2014ല്‍ മെയ് മാസം മുതല്‍ വര്‍ഷാവസാനം വരെ 800 മതസംഘര്‍ഷങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
എന്നാല്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ ഇന്ത്യ തള്ളിക്കളഞ്ഞു. ‘ഇത് അമേരിക്കയുടെ ആഭ്യന്തരമായ റിപ്പോര്‍ട്ട് മാത്രമാണ്. ന്യൂനപക്ഷങ്ങളടക്കം എല്ലാ ജനവിഭാഗങ്ങള്‍ക്കും മതപരമായും സാമൂഹികമായും രാഷ്ട്രീയമായുമുള്ള അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന എന്ന് എല്ലാവര്‍ക്കു അറിയുന്ന കാര്യമാണ്. എല്ലാ പ്രശ്‌നങ്ങളും ജുഡിഷ്യറി, മാധ്യമങ്ങള്‍, പൊതു സമൂഹം, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയ ഞങ്ങളുടെ ആഭ്യന്തര സംവിധാനങ്ങള്‍ വഴി കൈകാര്യം ചെയ്യുന്നുണ്ട്.’ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
അതേസമയം മതപരിവര്‍ത്തനം തടയാനുള്ള നിരന്തരമായ ശ്രമങ്ങളും ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നും 29 സംസ്ഥാനങ്ങളില്‍ ആറെണ്ണത്തില്‍ മതംമാറ്റ നിരോധന നിയമങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നും. മതവികാരങ്ങള്‍ സംരക്ഷിക്കുന്നതിനും അതുവഴി മതസംഘര്‍ഷങ്ങളും കുറയ്ക്കുന്നതിനുമെന്ന പേരില്‍ അധികൃതര്‍ നിയമനിര്‍മ്മാണം നടത്തുന്നുണ്ട്.
എന്നാല്‍ ഇത്തരം നിയമങ്ങള്‍ ചിലത് നടപ്പില്‍ വരുമ്പോള്‍ മതസ്വാതന്ത്ര്യം നിയന്ത്രിക്കപ്പടുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്. സംസ്ഥാന തലത്തിലുള്ള ഇത്തരം നിയമങ്ങള്‍ ഹിന്ദു മതത്തില്‍ നിന്നുള്ള പരിവര്‍ത്തനം തടയുന്നതാണെന്നും എന്നാല്‍ ഹിന്ദുമതത്തിലേക്കുള്ള പരിപര്‍ത്തനം തടയുന്നില്ലെന്നും. റിപ്പോര്‍ട്ടില്‍ പറയുന്നു.
1984ലെ സിഖ് വിരുദ്ധ കലാപകാലത്തേയും 2002ലെ ഗുജറാത്ത് കലാപകാലത്തേയും കേസുകള്‍ ഇപ്പോഴും തീരുമാനിക്കപ്പെടാതെ നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.