തൃശൂര്‍: അത്താണി പുതുരുത്തി ആര്യംപാടം രാജഗിരി സ്‌കൂളിന് സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി റോഡില്‍ തലകീഴായി മറിഞ്ഞു. കുട്ടികളടക്കം 11 പേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരതരമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45ഓടെ ആയിരുന്നു സംഭവം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി മറിഞ്ഞു. മുണ്ടത്തിക്കോട് രാജഗിരി സ്‌കൂളിന് മുന്‍വശം വച്ച് ആര്യമ്പാടം ഭാഗത്തുനിന്നും മുണ്ടത്തിക്കോട് ഭാഗത്തേക്ക് വന്നിരുന്ന സെപ്റ്റിക് മാലിന്യം കയറ്റുന്ന ടാങ്കര്‍ ലോറിയും എതിര്‍ഭാഗത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോയിരുന്ന ആള്‍ട്ടോ കാറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന ആവണി (6), ആതിര (6), സീത (67), രാജു (38), മുരളികൃഷ്ണന്‍ (34), രതീഷ് (44), അശ്വനി (30), ശ്രീലത (32), ആര്യശ്രീ (6), അരുദ്ര (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാജഗിരി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരില്‍ ആവണി, ആതിര, സീത, ആര്യശ്രീ എന്നിവർ ഒഴികെയുള്ളവരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.