പുതിയ മന്ത്രിസഭ വരുന്നതിനുമുന്‍പ് വെട്ടും കുത്തും; ആര്‍എസ്എസുകാര്‍ സിപിഎം പ്രവര്‍ത്തകന്റെ കൈകാലുകള്‍ വെട്ടി

knife-blood

തിരൂര്‍: പുതിയ മന്ത്രിസഭ അധികാരത്തിലെത്തുന്നതിനു മുന്‍പ് തന്നെ പലയിടങ്ങളിലും വെട്ടും കുത്തും തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന ബോംബേറിനു പിന്നാലെ വീണ്ടും ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകന്റെ കൈകാലുകള്‍ വെട്ടിയെടുത്തു. വെട്ടം ഇല്ലത്തപ്പടി നെടിയാരമ്പത്ത് മുരളിയുടെ മകന്‍ സുബിന്‍ലാലി (22)ന്റെ ഇടതുകൈയും കാലുമാണ് അക്രമികള്‍ ദാരുണമായി വെട്ടിയത്.

ബൈക്കില്‍ വരികയായിരുന്നു സിപിഎം പ്രവര്‍ത്തകന്റെ കണ്ണില്‍ മുളുകുപൊടി വിതറിയാണ് ആക്രമിച്ചത്. ശനിയാഴ്ച രാത്രി 12നാണ് ആക്രമണം. സുബിന്‍ലാല്‍ സുഹൃത്തുക്കളായ സുഭാഷ്, ഫിറോസ് എന്നിവരുമൊത്ത് തിരൂരില്‍നിന്ന് സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം. രണ്ട് ബൈക്കിലായി എത്തിയ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തെക്കനന്നാര എല്‍പി സ്‌കൂളിന് സമീപം സുബിന്‍ലാലിന്റ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് വീഴ്ത്തുകയും സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു.

പിന്നീട് സുബിന്‍ലാലിന്റെ കാലും കൈയും വെട്ടിമുറിക്കുകയായിരുന്നു. ഇടതുകൈയും ഇടതുകാലും മുറിഞ്ഞുതൂങ്ങി. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. നിരവധി കേസില്‍ പ്രതിയായ പുല്ലൂണി ചെട്ടിവാലത്തിങ്ങല്‍ രാഹുലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ സുബിന്‍ലാലിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈകാലുകള്‍ കൂട്ടിച്ചേര്‍ത്തത്.

സുബിന്‍ലാല്‍ സിനിമ കഴിഞ്ഞ് മടങ്ങുമ്പോള്‍ ആക്രമണം നടത്തണമെന്ന് മുന്‍കൂട്ടി ആര്‍എസ്എസുകാര്‍ തീരുമാനിച്ചിരുന്നു. വെട്ടത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരായ വട്ടപറമ്പില്‍ വിമല്‍പ്രസാദ്, വേമണ്ണ ഒടേങ്ങല്‍ സുധീഷ്, ധനീഷ്, കാനൂര്‍കാട്ടയില്‍ മാനാത്ത് പ്രവീണ്‍, കരിയത്തില്‍ സന്ദീപ്, വേമമണ്ണ തൈവളപ്പില്‍ അനീഷ് എന്നിവരാണ് അക്രമികള്‍ക്ക് വിവരം നല്‍കിയത്. സംഭവത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്തു.

Top