ന്യൂഡല്‍ഹി: അഴിമതിയില്‍ സഹികെട്ടാണ് ഡല്‍ഹിയിലെ ജനങ്ങള്‍ കേജരിവാളിനെ തിരഞ്ഞെടുത്തത്. അഴിമതിക്കാര്‍ക്കും കൈക്കുലിക്കാര്‍ക്കും പേടിസ്വപ്‌നമായി കേജരിവാള്‍ സര്‍ക്കാര്‍ മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഡല്‍ഹിയിലെ ജനങ്ങള്‍ എന്നാല്‍ സ്വന്തം മന്ത്രിസഭയില്‍ പോലും പുഴുക്കുത്തുകളെ കൊണ്ട് ആംആദ്മി പൊറുതി മുട്ടുകയാണ് ഏറ്റവുമൊടുവില്‍ ഒരു മന്ത്രിയുടെ ബന്ധുക്കള്‍ കൈക്കൂലി ചോദിക്കുന്ന ദൃശ്യങ്ങളാണ് കേജരിവാളിന് തലവേദന സൃഷ്ടിച്ച് പുറത്ത് വന്നിരിക്കുന്നത്.
ഡല്‍ഹി ഭക്ഷ്യവകുപ്പ് മന്ത്രി ഇമ്രാന്‍ ഹുസൈന്റെ സഹോദരനും ജോലിക്കാരനും ക്കൈൂലി ചോദിക്കുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. കെജരീവാള്‍ സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. കൈക്കൂലി വെളിപ്പെടുത്തുന്ന രണ്ട് ഓഡിയോ ടേപ്പുകളും ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് മാക്കന്‍ പുറത്തുവിട്ടിട്ടുണ്ട്.
ഓഡിയോ ടേപ്പുകളിലൊന്നില്‍ പരാതിക്കാരനായ ക്വാസിം എന്നയാളും മന്ത്രിയുടെ സഹോദരനായ ഫര്‍ഖന്‍ ഹുസൈനുമായുള്ള സംഭാഷണമാണുള്ളത്. മറ്റൊന്നില്‍ ക്വാസിമിന്റെ വീട് നിര്‍മ്മിക്കുന്ന കോണ്‍ട്രാക്ടര്‍ സമീറും ജൂനിയര്‍ എന്‍ജിനിയറുമായുള്ള സംഭാഷണവും. വീഡിയോയില്‍ മന്ത്രിയുടെ സഹായിയായ ഹമദും ക്വാസിമുമായുള്ള ദൃശ്യങ്ങളും.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കുകയും ‘നേതാജി’ക്കുവേണ്ടി പണം ശേഖരിക്കുകയുമാണ് താന്‍ ചെയ്യുന്നതെന്ന് ഹമദ് വീഡിയോയില്‍ ക്വാസിമിനോട് പറയുന്നുണ്ട്. പണം കിട്ടാത്തതില്‍ ഇമ്രാന്‍ ഭായ് കുപിതനാണെന്നും ഹമദ് പറയുന്നു. 30 ലക്ഷം രൂപയാണ് ഇമ്രാന്‍ ആവശ്യപ്പെടുന്നതെന്നും ഇതു വളരെക്കൂടുതലാണെന്നും ക്വാസിം പറയുന്നു.
തിരഞ്ഞെടുപ്പിന് ആറേഴുകോടി രൂപയാണ് ഇമ്രാന്‍ ഭായ് ചെലവഴിച്ചതെന്നും അത് തിരിച്ചുകിട്ടിയേ തീരൂ. സീറ്റ് കിട്ടുന്നതിനും ജയിച്ചപ്പോള്‍ മന്ത്രിയാകുന്നതിനും എത്രയാണ് ചെലവിട്ടതെന്ന് നിങ്ങള്‍ക്കറിയാമോ എന്ന് മറുപടിയായി ഹമദ് ചോദിക്കുന്നു. ഈ പണമൊക്കെ എങ്ങനെ തിരിച്ചുപിടിക്കുമെന്നാണ് കരുതുന്നതെന്നും ഹമദ് ചോദിക്കുന്നു.