തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ ഇന്നു മുതല്‍ വിചാരണ പുനരാരംഭിക്കും. ഒരാഴ്ചത്തെ അവധിക്കു ശേഷം ഇന്ന് 5 സാക്ഷികളെ വിസ്തരിക്കും. രാവിലെ 10 മുതല്‍ സിബിഐ കോടതിയിലാണ് വിചാരണ. കൂടുതൽ സാക്ഷികൾ കൂറുമാറുമോ എന്ന ആശങ്കയിലാണ് സിബിഐ. ഒരു ഘട്ടത്തിൽ എല്ലാം കൈവിട്ട അവസ്ഥയിൽ പ്രോസിക്യൂഷൻ എത്തിയിരുന്നു.
ഇന്ന് 38–ാം സാക്ഷി സിസ്റ്റർ ക്ലാര, 41–ാം സാക്ഷി സിസ്റ്റർ നവീന, 45–ാം സാക്ഷി സിസ്റ്റർ അനെറ്റ്, 51–ാം സാക്ഷി സിസ്റ്റർ ബെർക്ക്മാൻ, 53–ാം സാക്ഷി ആനി ജോൺ എന്നിവരെയാണ് വിസ്തരിക്കുക. നാളെ 12–ാം സാക്ഷിയും ബിസിഎം കോളജിലെ മുൻ പ്രഫസറുമായ ത്രേസ്യാമ്മയെ വിസ്തരിക്കും.
പ്രതിഭാഗത്തേക്ക് കൂറുമാറിയ നാലാം സാക്ഷിയും പയസ് ടെൻത് കോൺവെന്റിന്റെ അയൽവാസിയുമായ സഞ്ജു പി.മാത്യുവിന്റെ പേരിൽ ക്രിമിനൽ കേസെടുക്കാൻ സിബിഐ തീരുമാനിച്ചിരുന്നു. ഇതിനുള്ള ഹർജി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സിബിഐ കോടതിയിൽ ഫയൽ ചെയ്യും. 2008 നവംബർ 17ന് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ സഞ്ജു രഹസ്യമൊഴി നൽകിയിരുന്നു.
എന്നാൽ കോടികളുമായിട്ടാണ് സഭ കേസ് നേരിടുന്നതെന്നത് പകൽ പോലെ വ്യക്തമാണ്. കൂറുമാറുന്നവർക്കായി കോടികളാണ് സഭ ചെലവിടുന്നത്. നേരത്തെ കൂറുമാറിയ 32-ാം സാക്ഷി അച്ചാമ്മയ്‌ക്കായി സുപ്രീംകോടതിയിൽ കേസ് വാദിക്കാൻ ഹാജരായത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഡ്വ. ഹരീഷ് സാൽവേ ആയിരുന്നു.
അഭയ മരിക്കുമ്പോൾ ടെന്റ് പയസ് കോൺവന്റിലെ അടുക്കളജീവനക്കാരിയായിരുന്നു അച്ചാമ്മ. സാൽവെയ്‌ക്ക് നൽകാൻ വൻ തുക ഫീസ് എങ്ങനെ കണ്ടെത്തിയെന്ന സിബിഐ അഭിഭാഷകന്റെ ചോദ്യത്തിന് പണം മറ്റൊരാളാണ് നൽകിയതെന്ന് അവർ വെളിപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ കോടികളുടെ കളികളാണ് അഭയ കേസിൻ്റെ പിന്നാമ്പുറത്ത് സഭ നടത്തുന്നത്.