തിരുവനന്തപുരം :സിസ്റ്റര്‍ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവും പത്ത് ലക്ഷം രൂപയും പിഴയും ശിക്ഷ. തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി ജഡ്ജ് സനല്‍ കുമാറാണ് ശിക്ഷ വിധിച്ചത്. ഇരുവരും അഞ്ച് ലക്ഷം രൂപ വീതമാണ് പിഴ അടക്കേണ്ടത്. കോട്ടൂരിന് കൊലക്കുറ്റത്തിന് ജീവപര്യന്തത്തിന് പുറമെ തെളിവ് നശിപ്പിക്കലിന് ഏഴ് വര്‍ഷവും തടവും കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയതിന്് മറ്റൊരു ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് ഒരു ജീവപര്യന്തമായി അനുഭവിച്ചാല്‍ മതി. സെഫിക്ക് ജീവപര്യന്തത്തിന് പുറമെ തെളിവ് നശിപ്പിക്കലിന് ഏഴ് വര്‍ഷം തടവും വിധിച്ചു. കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 302(കൊലപാതകം), 201(തെളിവു നശിപ്പിക്കൽ), 449(അതിക്രമിച്ചു കടക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
302 വകുപ്പ് (കൊലപാതകം) അനുസരിച്ച് ജീവപര്യന്തം, പിഴ 5 ലക്ഷം, 201 വകുപ്പ് (തെളിവ് നശിപ്പിക്കൽ) അനുസരിച്ച് 7 വർഷം തടവ്, 50,000 രൂപ പിഴ, 449 വകുപ്പ് കോൺവെൻ്റിൽ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ എന്നിങ്ങനെയാണ് കോട്ടൂരിന് ലഭിച്ച ശിക്ഷ. 302 വകുപ്പ് (കൊലപാതകം) അനുസരിച്ച് ജീവപര്യന്തം, 5 ലക്ഷം രൂപ പിഴ, 201 വകുപ്പ് (തെളിവ് നശിപ്പിക്കൽ) അനുസരിച്ച് 7 വർഷം തടവ്, 50,000 രൂപ പിഴ എന്നിങ്ങനെയാണ് സിസ്റ്റർ സെഫിക്ക് ലഭിച്ച ശിക്ഷ. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം.
ഗൌരവമുള്ള കുറ്റമാണ് പ്രതികൾ ചെയതതെന്നും നിയമ അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. താൻ അർബുദ രോഗിയാണെന്നും പ്രായം പരിഗണിച്ചു ശിക്ഷയിൽ ഇളവ് നൽകണമെന്നും കോട്ടൂരിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രായമായ മാതാപിതാക്കളുണ്ടെന്നും അവരെ സംരക്ഷിക്കുന്നത് താനാണെന്നും സിസ്റ്റർ സെഫി കോടതിയിൽ പറഞ്ഞിരുന്നു.
സിസ്റ്റർ അഭയ കൊലക്കേസിൽ ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്. സത്യം തെളിഞ്ഞുവെന്നും ദൈവത്തിനും കോടതിക്കും നന്ദിയെന്നും അഭയയുടെ കുടുംബം പ്രതികരിച്ചു.
ഒരു വർഷത്തിന് മുൻപാണ് സിബിഐ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ എട്ട് നിർണായക സാക്ഷികൾ കൂറുമാറി. 1992 മാർച്ച് 27നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.