തൃശൂര്‍: കലാഭവന്‍ മണിയുടെ കൊലപാതകം, ആത്മഹത്യ, സ്വാഭാവിക മരണം എന്നിവ സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് സിബിഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമീഷന്‍ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് പുതിയ റിപ്പോര്‍ട്ട്. ശാസ്ത്രീയ വിശകലനം തുടരുകയാണ്. അമൃത ആശുപത്രി, എറണാകുളം റീജിയണല്‍ കെമിക്കല്‍ ലാബ്, ഹൈദ്രാബാദ് സെന്‍ട്രല്‍ ലാബ് എന്നിവടങ്ങളില്‍ നടത്തിയ ആന്തരീകാവയവ പരിശോധനയില്‍ മൈഥയില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇത് എപ്രകാരം ശരീരത്തില്‍ എത്തി എന്നത് സംബന്ധിച്ചും ഇത് മരണകാരണമായിട്ടുണ്ടോ എന്നത് സംബന്ധിച്ചുമുള്ള ശാസ്ത്രീയ വിശകലനം തുടരുകയാണ്. അതോടൊപ്പം മണിയെ അവശനിലയില്‍ കണ്ടെത്തിയ സമയം പാഡിയിലുണ്ടായിരുന്ന ആറ് സഹായികളെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ ജൂണ്‍ 10ന് വിജ്ഞാപനമിറക്കിയിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറി നല്കിയ മറുപടിയില്‍ പറയുന്നു.
മണിയുടെ മരണം നടന്നിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിനായി ഇവര്‍ ആവശ്യപ്പെട്ടത്. മണിയുടെ മരണത്തിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായിരുന്നുവെന്നും എന്നാല്‍ പിന്നീട് മരണം നടന്ന് മൂന്നു മാസം പൂര്‍ത്തിയാകുമ്പോള്‍ മരണം സ്വാഭാവിക മരണമാണെന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു.