പെട്ടെന്നുള്ള കല്‍പനയുടെ വേര്‍പാട് മലയാളികള്‍ക്ക് ഒന്നടങ്കം വിശ്വസിക്കാനായിട്ടില്ലായിരുന്നു. ഒരസുഖവും കല്‍പനയ്ക്ക് ഉണ്ടായിരുന്നില്ലല്ലോ. പതിവു പോലെ ഷൂട്ടിങ് കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന കല്‍പന പിന്നീട് ഉണര്‍ന്നില്ല. സഹോദരിമാരായ കലാരഞ്ജിനിക്കും ഉര്‍വശിക്കും കല്‍പന ജീവനായിരുന്നു.
കല്‍പനയുടെ അവസാന വാക്കുകള്‍ കലാരഞ്ജിനി പങ്കുവെക്കുകയുണ്ടായി. തനിക്കും ഉര്‍വശിക്കും ഇടയിലെ പ്രധാനപ്പെട്ട ഒരാളാണ് ഇല്ലാതായതെന്ന് കലാരഞ്ജിനി പറയുന്നു. ചെന്നൈയില്‍ വരുമ്പോഴൊക്കെ തനിക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് കലാരഞ്ജിനി പറയുന്നു. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനാണ് കല്‍പന ചെന്നൈയില്‍ പോയത്. ഹൈദരാബാദിലേക്ക് പോകുന്നതിനുമുന്‍പ് 27ന് തൃപ്പൂണിത്തുറയിലെ വീട്ടില്‍ തിരിച്ചെത്താമെന്ന് പറഞ്ഞാണ് കല്‍പന പോയത്.
27 കഴിഞ്ഞാല്‍ ഞാന്‍ ഫ്രീ ആകുമെന്നും കുഞ്ഞിനെ കൂട്ടി വീട്ടിലേക്ക് വരണമെന്നും ഉര്‍വശിയോടും വിളിച്ചു പറഞ്ഞിരുന്നു. ചോറും തൈരും അവിയലും ഉണ്ടാക്കിവെയ്ക്കാന്‍ ശാന്തചേച്ചിയോട് പറയണമെന്നും കല്‍പന പറഞ്ഞുവെന്ന് വേദനയോടെ കലാരഞ്ജിനി ഓര്‍ക്കുന്നു.