ന്യൂഡല്‍ഹി:കാന്‍സര്‍ ചികിത്സയെത്തുടര്‍ന്നു വിശ്രമിക്കുന്ന ഇന്നസന്റിനെ മുതിര്‍ന്ന നടന്‍ മധു സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ എംപി ഫ്‌ളാറ്റിലെത്തിയാണ് മലയാളത്തിന്റെ മുതിര്‍ന്ന നടന്‍ സന്ദര്‍ശിച്ചത്.മധുവിനെ കണ്ടതോടെ പതിവുശൈലിയില്‍ തമാശകള്‍ പൊട്ടിച്ചും കഥകള്‍ പറഞ്ഞും ഇന്നസന്റ് ചികിത്സയുടെ അവശതകള്‍ മറന്നു. സ്വീകരണമുറിയിലേക്കു മധു കടന്നിരുന്നതിനു തൊട്ടുപിന്നാലെ ഒന്നര മണിക്കൂറിലേറെ സിനിമാസ്റ്റൈലില്‍ തൃശൂര്‍ ചുവയുള്ള ഡയലോഗുകളുടെ ചെറുപൂരത്തിന് ഇന്നസെന്റ് തിരികൊളുത്തി.ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാര്‍ കോഴയെക്കുറിച്ചുള്ള തമാശയായിരുന്നു ഇന്നസന്റിന്റെ ആദ്യവെടി. ഒരിക്കല്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തന്നെ കാണാന്‍ വീട്ടിലെത്തി. കൊച്ചുമകള്‍ അന്നയോടു ചോദിച്ചു വന്നയാളെ അറിയാമോയെന്ന്. ഇതല്ലേ ബാര്‍ അങ്കിള്‍ എന്ന അന്നയുടെ മറുപടി കേട്ടു താന്‍ ചിരിച്ചു പോയെന്ന് ഇന്നസന്റ് പറഞ്ഞു. ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കറിയില്ലല്ലോ ബാര്‍ വിവാദത്തിന്റെ വിശദാംശങ്ങള്‍ എന്നു കൂട്ടിച്ചേര്‍ക്കാനും ചിരിയുടെ നായകന്‍ മറന്നില്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാമ്പത്തിക സഹായം അടക്കം എല്ലാ പിന്തുണയും തനിക്കു വാഗ്ദാനം ചെയ്തുവെന്നു ഇന്നസന്റ് പറഞ്ഞു. എംപിയെന്ന നിലയിലുള്ള അവകാശങ്ങള്‍ക്കു പുറമേ എന്തു സഹായവും തരാമെന്നു തന്നെ വന്നുകണ്ട ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കിയിരുന്നു. അമേരിക്കയില്‍ പോയി ചികില്‍സ നടത്താന്‍ ഫ്‌ളോറിഡയിലുള്ള സഹോദരന്‍ അടക്കം പലരും നിര്‍ബന്ധിച്ചു.
ഇവിടെ ലഭ്യമായ ചികിത്സയ്ക്കു വലിയ തുക ചെലവാക്കുന്നതിനോടു യോജിപ്പില്ല. ഫളോറിഡയില്‍ ഒരിക്കല്‍ ചെന്നപ്പോള്‍ രണ്ടു വലിയ മുയല്‍ മുറ്റത്തുകൂടി ഓടുന്നതു കണെ്ടന്ന് ഇന്നസന്റ് പറഞ്ഞു. ഇതിനെ വെടിവച്ചു പിടിച്ചു കറിവച്ചാലോ എന്നു ഞാന്‍ ചോദിച്ചു. അമേരിക്കയിലെത്തി ഉണ്ടാക്കിയ പണം മുഴുവന്‍ പോകാന്‍ അതുമതിയെന്നായിരുന്നു സഹോദരന്റെ മറുപടി. അനുവാദമില്ലാതെ കാട്ടുജീവികളെ കൊന്നാല്‍ വലിയ ശിക്ഷയാണവിടെ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലുള്ള നടന്‍ ലാലു അലക്‌സും ഇന്നസന്റിനെ കാണാന്‍ വരുന്നുണെ്ടന്നു പറഞ്ഞപ്പോഴായിരുന്നു അടുത്ത തമാശപ്പടക്കം പൊട്ടിയത്. ലാലു അലക്‌സ് ഇവിടുണേ്ടാ? ഒരിക്കല്‍ ഫോണില്‍ വിളിച്ച് എനിക്കുവേണ്ടി ഫോണിലൂടെ ഇംഗ്ലീഷില്‍ പ്രാര്‍ഥന ചെല്ലിയ മിടുക്കനാണ് അയാള്‍. അസുഖം വന്നശേഷം കുറെനാള്‍ കഴിഞ്ഞാണു ലാലു ഒരിക്കല്‍ ഫോണില്‍ വിളിച്ചത്. ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഇത്രകാലം വിളിക്കാതിരുന്നതെന്നു ലാലു പറഞ്ഞു. അപ്പോള്‍ ലാലുവിനോടു ഞാനൊരു തമാശ തട്ടിവിട്ടു. ഒരേ ജോലി ചെയ്യുന്ന സമപ്രായക്കാരാണെങ്കില്‍ എന്നും രാവിലെ വിളിച്ച് അന്വേഷിക്കും. നെടുമുടി വേണു ഇതുപോലെ എന്നും വിളിച്ച് അന്വേഷിക്കും. എനിക്ക് ഉഷാറാണെന്നു കേട്ടാല്‍ വേണുവിനു വലിയ സന്തോഷമില്ല. അതുകൊണ്ട് ഇടയ്ക്കു ഫോണില്‍ അവശതയോടെ സംസാരിക്കും. കാര്യം മനസിലായില്ലേ? വൈകാതെ എങ്ങാനും കാഞ്ഞുപോയാല്‍ സിനിമയിലെ തന്റെ റോള്‍ കൂടി അയാള്‍ക്കു കിട്ടുമല്ലോ എന്നു തട്ടിവിട്ടു. ഇതുകേട്ട് ലാലു പറഞ്ഞു. നെടുമുടി വേണു അത്തരക്കാരന്‍ അല്ലെന്ന്. പക്ഷേ ഞാന്‍ ഗൗരവത്തോടെ പറഞ്ഞപ്പോള്‍ ലാലുവിനു ഗുട്ടന്‍സ് പിടികിട്ടിയില്ല. പിന്നീടു വേണു വിളിച്ചപ്പോള്‍ ലാലുവിനോടു ഇങ്ങിനെ പറഞ്ഞ കാര്യം പറഞ്ഞു. വേണുവിനു ചിരിയടക്കാനായില്ല.
പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്കു ചികില്‍സ വലിയ ചെലവാകുന്നതാണു തനിക്കു പ്രയാസമുണ്ടാക്കുന്നതെന്നും ഇന്നസന്റ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഇതുവരെ ഒന്നരക്കോടി രൂപയുടെ സഹായമെത്തിക്കാനായി. കേരളത്തിനു പുറത്തു പല സംസ്ഥാനങ്ങളിലും ഇതേപോലെ ദുരിതാശ്വാസ നിധിയിലെ പണം പോലും അര്‍ഹരായ പാവപ്പെട്ടവര്‍ക്കു കിട്ടുന്നില്ല. ഡല്‍ഹിയിലെ എയിംസിലും തിരുവനന്തപുരം ആര്‍സിസിയിലും മറ്റും പല ചികില്‍സകളും സൗജന്യമാണ്. ഇക്കാര്യംപോലും ഉത്തരേന്ത്യയിലെ ഭൂരിപക്ഷം പാവങ്ങളും അറിയുന്നില്ല. ഭാരിച്ച ചെലവുള്ള ചികില്‍സയെക്കുറിച്ചു താനും ആലോചിക്കുന്നില്ല.
സ്വര്‍ണനിറമുള്ള സില്‍ക്ക് ജൂബ്ബയും കസവുള്ള മുണ്ടുമായിരുന്നു ഇന്നസന്റിന്റെ വേഷം. മഞ്ഞക്കരയന്‍ മുണ്ടും ഇളം മഞ്ഞ ഷര്‍ട്ടുമായെത്തിയ മധുവും പതിവിലേറെ ഉഷാറായി.ഡല്‍ഹിയിലെ വീട്ടിലുണ്ടായിരുന്ന ഭാര്യ ആലീസിനെയും മകന്‍ സോണറ്റ്, മരുമകള്‍ സോന, കൊച്ചുമക്കളായ ഇന്നസന്റ് ജൂണിയര്‍, അന്ന എന്നിവരെയും ഇന്നസന്റ് തന്നെ അടുത്തുവിളിച്ചിരുത്തി മധുവിനോടൊപ്പം ഫോട്ടോകള്‍ക്കു നിറചിറിയോടെ പോസ് ചെയതു.