പ്രശസ്ത താരം മുകേഷിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. രാത്രിയില്‍ ഫോണ്‍ വിളിച്ച ഒരു ആരാധകനെ പച്ചയ്ക്ക് തെറി വിളിച്ച മുകേഷിനെ സോഷ്യല്‍ മീഡിയ പരിഹസിച്ച് കൊന്നിരുന്നു. ഇതിനു പിന്നാലെ കാരുണ്യ ലോട്ടറി പ്രശ്‌നത്തിലാണ് മുകേഷ് പെട്ടിരിക്കുന്നത്. കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ മുകേഷ് ആറ് ലക്ഷം രൂപ വാങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത്.
എല്ലാ വാര്‍ത്തകള്‍ക്കും ചുട്ട മറുപടി നല്‍കുന്ന മുകേഷ് ഈ വാര്‍ത്തയോടും ഫേസ്ബുക്കിലൂടെ മറുപടി പറഞ്ഞു. വിവരാവകാശ രേഖ പ്രകാരം കിട്ടിയ മറുപടിയുടെ കോപ്പിയാണ് ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും പ്രചരിച്ചത്. പ്രതിഫലം ഒന്നും വാങ്ങതെയാണ് പരസ്യത്തില്‍ അഭിനയിച്ചതെന്ന് മുകേഷ് പറയുന്നു. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും മറ്റും തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് മുകേഷ് പറയുന്നു.
സത്യത്തില്‍ പ്രതിഫലം ഒന്നും വാങ്ങാതെയാണ് ഞാന്‍ കാരുണ്യയുടെ പരസ്യത്തില്‍ അഭിനയിച്ചത്. കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ ആദ്യമായി അഭിനയിച്ചതും ഞാനായിരുന്നു. ശ്രീമതി സന്ധ്യ രാജേന്ദ്രന്‍ ആയിരുന്നു കാരുണ്യ ലോട്ടറിയുടെ ആദ്യ 6 പരസ്യങ്ങള്‍ സംവിധാനം ചെയ്തത്. 6 ലക്ഷത്തിനു 6 പരസ്യങ്ങള്‍ ചെയ്യുവാന്‍ ആയിരുന്നു ലോട്ടറി ഡിപ്പാര്‍ട്ടുമെന്റുമായുള്ള കരാര്‍. ലോട്ടറി ഡിപ്പാര്‍ട്ടുമെന്റിന്റെ നിയമം അനുസരിച്ച് പരസ്യത്തില്‍ അഭിനയിക്കുന്ന ഒരാളുടെ പേരില്‍ മാത്രമേ പണം പിന്‍വലിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ.
ആദ്യപരസ്യത്തില്‍ അഭിനയിച്ചത് ഞാനായിരുന്നതുകൊണ്ട് അവര്‍ എന്റെ പേരില്‍ 6 ലക്ഷം രൂപ പിന്‍വലിക്കുകയായിരുന്നു. ഇതിന്റെ വിശദീകരണം അന്നത്തെ ലോട്ടറി ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ആയിരുന്ന ശ്രീ ബിജു പ്രഭാകര്‍ ലോകായുക്തയ്ക്ക് അന്ന് തന്നെ നല്‍കുകയുണ്ടായി. സംശയമുള്ള ആര്‍ക്കുവേണമെങ്കിലും ആ രേഖകള്‍ വേണ്ടപ്പെട്ടവരുമായി ബന്ധപ്പെട്ടാല്‍ പരിശോധിക്കുവാന്‍ സാധിക്കും. ഇല്ലാത്ത അപവാദ പ്രചരണങ്ങള്‍ നല്‍കി എന്നെയും എന്റെ അനുഭാവികളെയും തളര്‍ത്താന്‍ ശ്രമിക്കുന്നതിനു പകരം, വികസനം കടലാസില്‍ മാത്രം കൊണ്ടു നടക്കുന്നവര്‍ അതൊക്കെ ഒന്ന് പ്രാവര്‍ത്തികം ആക്കിയാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടേനെ.