കൊല്ലം: നടനും എംഎല്‍എയുമായ മുകേഷ് ആരോടും പറയാതെ എങ്ങോട്ടേക്കാണ് പോയത്. മുകേഷിനെ കാണാനില്ലെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ ആരോപണങ്ങള്‍ പലതും ഉയര്‍ന്നു. പോലീസില്‍ പരാതി ലഭിച്ചതോടെ സിപിഎം രംഗത്തെത്തി. ഇതിനെതിരെ സിപിഎം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
ഒടുവില്‍ വിശദീകരണവുമായി മുകേഷ് തന്നെ രംഗത്തെത്തി. രാഹുല്‍ ക്ലബില്‍ അംഗമാവാന്‍ പോയ തനിക്ക് അവിടെ അംഗത്വം ലഭിച്ചില്ലെന്നായിരുന്നു മുകേഷിന്റെ മറുപടി. വീട്ടില്‍ പറയാതെ നാലുമാസമെങ്കിലും മാറിനിന്നാല്‍ മാത്രമേ അംഗത്വം നല്‍കുകയുള്ളുവെന്നു തന്നോട് പറഞ്ഞു. ഇതൊരു തമാശയാണ് കണക്കാക്കേണ്ടതെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നും മുകേഷ് പറഞ്ഞു.
കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയാണ് വെസ്റ്റ് എസ്ഐക്ക് പരാതി നല്‍കിയത്. പണക്കാരുടെ ഇടയില്‍ മാത്രമാവും മുകേഷിനെ കാണുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി വിഷ്ണു സുനില്‍ പറഞ്ഞു. എംഎല്‍എയെ കാണണമെന്ന പൊതുജനങ്ങളുടെ ആവശ്യം നിരന്തരമായപ്പോഴാണ് ഇത്തരമൊരു പരാതിയുമായി മുന്നിട്ടിറങ്ങിയത്. പ്രകൃതിക്ഷോഭങ്ങള്‍ മൂലം കൊല്ലത്തിന്റെ തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും എംഎല്‍എയെ കാണാനോ പരാതി പറയാനോ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും വിഷ്ണു പറഞ്ഞിരുന്നു.