മകന്‍ അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് പ്രശസ്ത നടന്‍ രാഘവന്‍ പറയുന്നു. തന്റെ മകന്‍ അനുഭവിച്ച വേദന നേരിട്ട് കണ്ട് തന്റെ ശക്തി തന്നെ ഇല്ലാതായി പോയിരുന്നുവെന്ന് രാഘവന്‍ പറയുന്നു. ക്യാന്‍സര്‍ രോഗം അങ്ങേയറ്റം എത്തിയിട്ടും ജിഷ്ണു അവസാന ദിവസം വരെ നല്ല ആത്മവിശ്വാസത്തിലാണ് പ്രേക്ഷകരോട് ദിവസങ്ങള്‍ പങ്കുവെച്ചത്.
രണ്ടേകാല്‍ വര്‍ഷം ഒന്നും കഴിക്കാന്‍ പറ്റാതെ, സംസാരിക്കാന്‍ പറ്റാതെ.. തൊണ്ടയിലെ പുണ്ണിങ്ങനെ വളര്‍ന്ന് ഐ.സി.യുവിലേക്കും വാര്‍ഡിലേക്കും ഇങ്ങനെ മാറിമാറി കഴിഞ്ഞ കാലം. അങ്ങേയറ്റം ഭീകരമായ അവന്റെ വേദന നമ്മളറിയുമായിരുന്നു. ഒപ്പം കിടക്കാന്‍ അനുവാദമുണ്ടായിരുന്നെങ്കിലും അവന്‍ ഒറ്റയ്ക്കാണ് കിടന്നത്.
പലപ്പോഴും ശരീരത്ത് തട്ടി വിളിക്കും. ഞാനിങ്ങനെ നോക്കി വിഷമിക്കുമ്പോള്‍ അവന്‍ ചിരിക്കും. അവസാനഘട്ടത്തില്‍ എനിക്കത്ഭുതം തോന്നിയത്, ആ സമയത്ത് രക്തമൊക്കെ പൊയ്ക്കഴിഞ്ഞ് ശരീരത്തിലാകെ പുഴുക്കളായിരുന്നു. പുഴുക്കളിങ്ങനെ ഉതിരുകയായിരുന്നു. അതിങ്ങനെ പെറുക്കിക്കളയണം. പുഴുക്കളെ കാണുമ്പോഴും അവന്‍ ചിരിക്കും. ദൈവമേ.. എന്റെ മനസ്സിന് ശക്തി കൊടുത്തത് മുഴുവന്‍ അവനാണെന്ന് രാഘവന്‍ പറയുന്നു.
അത്രയൊന്നും ഗുരുതരമല്ലാത്ത ലൂക്കോപ്ലാക്കിയ കണ്ടെത്തിയതായിരുന്നു അവന്റെ രോഗത്തിന്റെ തുടക്കം. ദില്ലിയിലെ പരിശോധനയിലാണ് അത് കണ്ടെത്തിയത്. മാറാനുള്ള മരുന്നൊക്കെ കൊടുത്തിരുന്നു. എന്നാല്‍ നിരന്തരമുള്ള യാത്രകള്‍ക്കിടയില്‍ അവനത് ശ്രദ്ധിച്ചില്ല. ഞങ്ങളെ പരമാവധി സന്തോഷിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. നല്ല കുക്കായിരുന്നു. അച്ഛനും അമ്മയും നല്ല ഭക്ഷണം കഴിക്കണമെന്ന നിര്‍ബന്ധത്തില്‍ പാകം ചെയ്തുതരും. ചപ്പാത്തിക്കൊപ്പമുള്ള കറി മിക്കവാറും അവന്‍ തന്നെ ഉണ്ടാക്കും.
ഇക്കാലത്തിനിടയില്‍ ഇന്ത്യയില്‍ അവന്‍ സഞ്ചരിക്കാത്ത ഇടങ്ങളില്ല. ഇന്ത്യയുടെ മുക്കിലും മൂലയിലും യാത്ര ചെയ്തു. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് വേണ്ടിയായിരുന്നു ഇത്. പോവാത്ത സ്ഥലം കുറവ്, കാണാത്ത ആളുകള്‍ കുറവ്. ഇവിടുന്ന് തമിഴ്നാട്ടിലേക്ക് പോയശേഷം പിന്നെ അവിടുന്നൊരു പോക്കായിരുന്നു. ആ യാത്രകളിലൂടെ നേടിയെടുത്ത അനുഭവങ്ങളുണ്ടാകും. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തുകാണും.
അവന്റെയൊരു സാഹചര്യത്തില്‍ അവനെല്ലാം അനുഭവിച്ചു തീര്‍ത്ത് അങ്ങുപോയി. കാലം കഴിഞ്ഞു. ഇനി മുക്തിയാണ്. അത് പരിപൂര്‍ണ്ണമായി വിശ്വസിക്കുകയാണ് ഞാന്‍. ഭീകരമായ സമയത്തുപോലും അവന്‍ ചിരിക്കാന്‍ സാധിച്ചുവെങ്കില്‍, എന്നെ സന്തോഷിപ്പിക്കാനായിരുന്നു അത്. ജീവിതമുണ്ടായിരുന്നെങ്കില്‍ അവനിനിയും അനുഭവിക്കേണ്ടിയിരുന്നു. അതുകൊണ്ടുറപ്പാണ്, അവനിനി ജീവിതമില്ല. അവന്‍ ആത്മാവില്‍ ലയിച്ചു. ഞാനത് ശരിക്കും മനസിലാക്കുന്നു. അതുകൊണ്ട് എനിക്ക് സങ്കടവുമില്ല. എന്തും താങ്ങാന്‍ എന്നെ അങ്ങനെയാക്കിയെടുത്തതാണ് അവന്‍.
ഇന്‍ട്രോവെര്‍ട്ട് ആണ് ഞാന്‍. എളുപ്പത്തില്‍ തകരും. ചെറിയൊരു കാര്യം മതി. ആ എനിക്ക് അവന്റെ മരണം പോലും താങ്ങാന്‍ കഴിഞ്ഞു എന്നുള്ളതാണ്. അനുഭവിക്കാനുള്ളത് മുഴുവന്‍ അവന്‍ അനുഭവിച്ചു കഴിഞ്ഞു എന്നതില്‍ നല്ല ബോദ്ധ്യമുണ്ട്. എത്രയോ ജന്മ ജന്മാന്തരങ്ങളായി സ്വരൂപിച്ച പല പല കാര്യങ്ങളിലൂടെയാണ് അവനാ അസുഖം വന്നത്. അതെല്ലാം അവന്‍ അനുഭവിച്ചു തീര്‍ത്തു. ജാതക പ്രകാരം തല്ലിക്കൊന്നാലും ചാകാന്‍ പാടില്ലാത്തതാണ്. 90-100 വയസുവരെ ജീവിക്കാം. അവന് മൂന്നു ഗ്രഹങ്ങള്‍ ഉച്ചത്തിലാണ്. അഷ്ടമത്തില്‍ വ്യാഴമാണവന്. രാജയോഗം വരെയുണ്ടായിരുന്നു. എന്നിട്ടും എങ്ങനെയിത് വന്നു?
അവന് മരണത്തിലേക്കടുക്കുമ്പോഴൊക്കെ ഞാന്‍ ബാത്ത്റൂമില്‍ പോയി പൊട്ടിക്കരയുമായിരുന്നു. ഇപ്പോഴുമതേ.. ഇന്നുമതേ.. വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷം കഴിഞ്ഞാണ് അവന്‍ പിറന്നത്. പലരും പലതും പറഞ്ഞു. പല നേര്‍ച്ചകള്‍ക്കും ശേഷമാണ് അവനുണ്ടായത്. തലയില്‍ വച്ചാല്‍ പേനരിക്കുമെന്നും എന്ന് കരുതിയാണ് വളര്‍ത്തിയത്. പിന്നെയും അഞ്ച് വര്‍ഷം കഴിഞ്ഞാണ് മോളുണ്ടായത്.
പണ്ടുമുതലേ ആദ്ധ്യാത്മിക ചുറ്റുപാടായിരുന്നു എന്റേത്. ഇക്കാണുന്നതൊന്നും നമ്മുടേതല്ലെന്ന ബോദ്ധ്യമുണ്ട്. എല്ലാം തോന്നലുകള്‍ മാത്രമാണ്. അവനെവിടെയും പോയിട്ടില്ല. ഇനിയുമൊരു ജന്മമില്ലെന്ന് വരുകില്‍ അവനിവിടെയുണ്ട്.
അവന്റെ സാന്നിദ്ധ്യം തന്നെയാണ് ആസ്പത്രിക്കിടക്കയില്‍ ഒപ്പം നില്‍ക്കാനും എനിക്ക് കരുത്തായത്. അങ്ങനെയൊരു മകനുണ്ടായതില്‍ തീര്‍ച്ചയായും അങ്ങേയറ്റം അഭിമാനിക്കുന്നു. എന്റെ പൂര്‍വ്വജന്മ സുകൃതമാണവന്‍. അവന്‍ എങ്ങും പോയിട്ടൊന്നുമില്ല. ഫിസിക്കല്‍ ആയി ഇല്ലെന്നേയുള്ളൂ. ചിലപ്പോ ഞാന്‍ ചിന്തിക്കാറുണ്ട്. എനിക്കവനെ ഒന്നു കാണാന്‍ പറ്റുവോ.. ഇരുട്ടത്ത് ഇരിക്കുമ്പോ, കോടനാട്ടെ അവന്റെ മുറിയില്‍ ഇരിക്കുമ്പോ.. നിഴലുപോലെങ്കിലും അവനെയൊന്നു കാണാന്‍ പറ്റുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. എങ്ങനെയാണ് കാണാനാവുക? എല്ലാം വെറും തോന്നലായിരിക്കും. കാണാനാകുമെന്ന് വിശ്വാസമില്ലെങ്കിലും കണ്ടാല്‍ കൊള്ളാമെന്നുണ്ട്. പ്രേതങ്ങളെ എനിക്ക് വലിയ പേടിയായിരുന്നു. ഇപ്പോ അതില്ല. ഇപ്പോ അങ്ങനെയൊരു മോഹമുണ്ട്. എന്തുകൊണ്ട് അവനെ കാണാന്‍ കഴിയുന്നില്ല. പക്ഷേ, എന്തോ.. പറ്റുന്നില്ല..