കൊച്ചി :നടൻ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കുമെന്ന് സഹോദരന്‍ സത്യനാഥ് പറഞ്ഞു. ശിക്കാര്‍ സിനിമയുടെ ലൊക്കേഷനിലാണ് ശ്രീനാഥ് മരിച്ചതെന്ന് പോലീസ് അറിയിച്ചെന്നും എന്നാല്‍ ലൊക്കേഷനില്‍ ഉണ്ടായ തര്‍ക്കത്തെ ക്കുറിച്ച് അന്വേഷിച്ചില്ലെന്നും സത്യനാഥ് ആരോപിച്ചു. ശ്രീനാഥിന്റെ മൃതദേഹത്തില്‍ കണ്ട മുറിവുകള്‍ പോലീസ് പരിശോധിച്ചില്ലെന്നും ശ്രീനാഥിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും സത്യനാഥ് പറയുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസ്കാരത്തിന് എത്തിയില്ല എന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നതായി സത്യനാഥ് പറയുന്നു.അതേ സമയം നടന്‍ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കോതമംഗലം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്നും രേഖകള്‍ കിട്ടിയാല്‍ നല്‍കാമെന്നും പോലീസ് മറുപടി നല്‍കിയത്.
2010 മേയിലാണ് ശ്രീനാഥിനെ കോതമംഗലത്തെ മരിയ ഹോട്ടലിലെ 102ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ആത്മഹത്യ ചെയ്തെന്നായിരുന്നു പോലീസ് കണ്ടെത്തല്‍.ശ്രീനാഥ് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ശ്രീനാഥിന്റെ കുടുംബവും നടന്‍ തിലകനും രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതകള്‍ ഒന്നുമില്ലെന്നും പോസ്റ്റ്മോര്ട്ടം റിപ്പോര്‍ട്ടും ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വ്യക്തമാക്കി പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.