ദേവനന്ദയ്ക്ക് ആദരാഞ്ജലികളുമായി മമ്മൂട്ടിയും ദുല്‍ഖറുമടക്കം താരങ്ങള്‍..

കൊച്ചി: ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ മുങ്ങൽ വിദഗ്ധര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും.

കാണാതായ ദേവനന്ദ എന്ന ആറ് വയസുകാരിയ്ക്ക് വേണ്ടി കേരളം ഒന്നടങ്കം തിരച്ചിലിലായിരുന്നു. പ്രതീക്ഷകളെല്ലാം തകര്‍ത്തെറിഞ്ഞ് ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ദേവനന്ദയെ കണ്ടെത്തുന്നതിന് വേണ്ടി സമൂഹ മാധ്യമങ്ങള്‍ നിറയെ പോസ്റ്റുകളായിരുന്നു. ഒപ്പം സൂപ്പര്‍ താരങ്ങളടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരരാജാക്കന്മാര്‍ അവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ ദേവനന്ദയെ കണ്ടെത്തണമെന്ന അപേക്ഷിച്ചുള്ള പോസ്റ്ററുകള്‍ പങ്കുവെച്ചിരുന്നു. കുട്ടി മരിച്ച വിവരം അറിഞ്ഞതോടെ ആദരാഞ്ജലികള്‍ അറിയിച്ചും താരങ്ങളെത്തിയിരുന്നു. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ എന്നിവരെല്ലാം ആദരാഞ്ജലികള്‍ അറിയിച്ചു.

ഒരു നാടു മുഴുവന്‍ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാര്‍ത്ഥനകളും വിഫലമായി. ദേവനന്ദ വിടവാങ്ങി… ആദരാഞ്ജലികള്‍. എന്നാണ് ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘ഒരൊറ്റ ദിവസം കൊണ്ട് കേരളത്തിൻെറ ആകെ കണ്ണിലുണ്ണിയായി മാറിയ “ദേവനന്ദ” എല്ലാ തിരച്ചിലും വിഫലമാക്കി പുഴയുടെ ആഴങ്ങളിലേക്കു പോയ്മറഞ്ഞ കുഞ്ഞോമനയ്ക് ആദരാഞ്ജലികൾ’ എന്ന് സംവിധായകൻ വിനയൻ പറയുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ദേവനന്ദ എന്ന പെണ്‍കുട്ടിയെ കാണാതെ ആവുന്നത്. പിന്നാലെ ഒരു നാട് മുഴുവന്‍ കുട്ടിയെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലായിരുന്നു. വാഹനങ്ങളെല്ലാം പരിശോധിക്കുകയും പോവാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു.

Top