നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത തീരുമാനം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എഎംഎംഎ യുടെ നിലപാട് വ്യക്തമാക്കി പ്രസിഡന്റ് മോഹന്‍ ലാല്‍ പത്രസമ്മേളനം വിളിച്ച് വിശദീകരണം നല്‍കിയിരുന്നു.
ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നല്‍കിയില്ലെന്ന് മോഹന്‍ ലാല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സംഘടനയുടെ മുന്‍ എക്സിക്യൂട്ടീവ് അംഗവും നടിയുടെ അടുത്ത സുഹൃത്തുമായ രമ്യ നമ്പീശനാണ് രംഗത്തെത്തിയിരിക്കുന്നത്. അക്രമിക്കപ്പെട്ട നടിയുടെ വെളിപ്പെടുത്തലാണ് രമ്യ നമ്പീശന്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയിരിക്കുന്നത്. എഎംഎംഎ ഒരു കുടുംബമാണെങ്കില്‍ ദിലീപിനെതിരെ വാക്കാല്‍ പരാതി നല്‍കിയാല്‍ സംഘടന പരിഗണിക്കില്ലേ എന്നാണ് അവള്‍ തന്നോട് ചോദിച്ചുവെന്ന് രമ്യ അഭിമുഖത്തില്‍ പറഞ്ഞു.
മോഹന്‍ ലാലിന്റെ വാര്‍ത്ത സമ്മേളനത്തിനു ശേഷം താന്‍ അവളുമായി സംസാരിച്ചു. അവള്‍ തന്നോട് പറഞ്ഞത് ഇങ്ങനെയാണ്.. സംഘടന കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ആരും ആരോപണം ഉന്നയിക്കുകയോ, എന്തിനെങ്കിലും വേണ്ടിയോ സംഘടനയെ സമീപിക്കാറില്ല. പരാതി പറഞ്ഞപ്പോള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നാണ് പറഞ്ഞത്. ചിലപ്പോള്‍ അന്വേഷിച്ചു കാണും. ആരോപണ വിധേയനായ ആള്‍ അത് തള്ളിക്കളഞ്ഞിട്ടുണ്ടാകും. എന്നാല്‍ എഴുതിക്കൊടുത്തില്ല എന്ന ന്യായമാണ് പ്രസിഡന്റ് പറയുന്നത്. പരാതി എഴുതി നല്‍കിയാലും നടപടി എടുക്കില്ല എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത് എന്നും അവര്‍ പറഞ്ഞുവെന്ന് നടി രമ്യ നമ്പീശന്‍ വ്യക്തമാക്കി.