ആ 85 ദിവസങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് പറയിക്കുമെന്ന് ദിലീപ് ഓണ്‍ലൈന്‍; പ്രതി മാര്‍ട്ടിന്‍ ദിലീപ് പക്ഷത്തേയ്ക്ക്; കേസിലെ കണ്ണികള്‍ ദിലീപിന് അനുകൂലമാകുന്നു

കൊച്ചി: പള്‍സര്‍ സുനിയെ പേടിച്ചാണ് കഴിയുന്നതെന്ന് നടി ആക്രമണക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് പൊലീസ്. തനിക്ക് നടിയേയും പള്‍സര്‍ സുനിയേയും പേടിയാണെന്ന് കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു. ദീലപിന് ഏറെ അനുകൂലമായ നിയമ സാഹചര്യം ഒരുക്കുന്നതാണ് മാര്‍ട്ടിന്റെ പുതി നിലപാടെന്ന് കരുതുന്നു. സുനി മുന്നില്‍ നില്‍ക്കുമ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ തനിക്ക് ധൈര്യമില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

റിമാന്‍ഡ് കാലാവധി കഴിഞ്ഞതു കൊണ്ട് പള്‍സര്‍ സുനിയെയും മാര്‍ട്ടിനെയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് തനിക്ക് ചിലത് പറയാനുണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചത്. മാര്‍ട്ടിന്റെ ആവശ്യ പ്രകാരം സുനിയെയും മറ്റു പ്രതികളെയും പുറത്തേക്ക് കൊണ്ടു പോവാന്‍ കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അടച്ചിട്ട മുറിയിലാണ് കോടതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ കേട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിനെ കുടുക്കിയ ഗൂഢാലോചനക്കേസിലെ പ്രധാന ഘടകം മാര്‍ട്ടിനായിരുന്നു. കേസില്‍ മാര്‍ട്ടിനെ മാപ്പുസാക്ഷിയാക്കാനായിരുന്നു പ്രോസിക്യൂഷന് താല്‍പ്പര്യം. എന്നാല്‍ അതിന് മാര്‍ട്ടിന്‍ വഴങ്ങിയില്ല. നടിയെ ആക്രമിച്ച കേസില്‍ നേരിട്ട് പങ്കെടുത്തയാളാണ് മാര്‍ട്ടിന്‍. ഗൂഢാലോചനയെ പറ്റി സൂചനകള്‍ നല്‍കിയത് മാര്‍ട്ടിനാണ്. പള്‍സര്‍ സുനിയുമായി തെറ്റിപിരിഞ്ഞാണ് കുറേക്കാലമായി കാക്കനാട്ടെ സബ് ജയിലില്‍ മാര്‍ട്ടിന്‍ കഴിഞ്ഞിരുന്നത്. തന്നെ കേസില്‍ ഒറ്റികൊടുക്കുകയാണെന്നാണ് മാര്‍ട്ടിന്റെ പക്ഷം. ഇതാണ് ഇരുവരും പിരിയാന്‍ കാരണം. ഇത് മനസ്സിലാക്കിയാണ് മാര്‍ട്ടിനെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമിച്ചത്. അത് നടന്നില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ പൂര്‍ണ്ണമായും ദിലീപിന്റെ പക്ഷത്തേക്ക് മാറുകയാണ് മാര്‍ട്ടിന്‍.

ഈ സാഹചര്യത്തിലാണ് ദിലീപിന് അനുകൂലമായി ദിലീപ് ഓണ്‍ലൈന്‍ കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്ത് വരുന്നത്. ദിലീപ് ജയിലില്‍ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാവുന്ന തരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് ദിലീപ് ഓണ്‍ലൈന്‍ ചോദിക്കുന്നു. സത്യങ്ങള്‍ ഓരോന്നായി പുറത്തു വരികയാണെന്നും ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.

ഗൂഢാലോചനക്കേസില്‍ തുമ്പില്ലാതെ അലയുകയായിരുന്ന പൊലീസിന് പിടിവള്ളിയായത് അഡ്വക്കേറ്റ് ആളൂരിന്റെ കടന്നു വരവാണ്. പള്‍സര്‍ സുനിയെ കണ്ട് ആളൂര്‍ കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തു. അതില്‍ ഒരാളെ മാത്രം ഒഴിവാക്കി. മാര്‍ട്ടിനായിരുന്നു ഇത്. എന്തുകൊണ്ട് മാര്‍ട്ടിന്റെ വക്കാലത്ത് ഏറ്റെടുത്തില്ലെന്ന അന്വേഷണം വഴിത്തിരിവായി. പള്‍സറും മാര്‍ട്ടിനും തമ്മില്‍ തെറ്റിയതിന്റെ കാരണം തേടിയുള്ള യാത്രയാണ് ഗൂഢാലോചനയില്‍ നിര്‍ണ്ണായകമായത്. തനിക്ക് അറിയാവുന്ന എല്ലാം മാര്‍ട്ടിന്‍ പൊലീസിനോട് തുറന്ന് സമ്മതിച്ചു. പൊലീസിനെ ഒരു ഘട്ടത്തിലും ചതിക്കില്ലെന്നും വ്യക്തമാക്കി. ഇതോടെയാണ് മൊഴികളും തെളിവുകളും പരിശോധിച്ച് മാര്‍ട്ടിനെ മാപ്പുസാക്ഷിയാക്കാന്‍ പൊലീസ് തീരുമാനിച്ചത്. ജയിലിലെ ഫോണ്‍ വിളിക്കേസില്‍ മൊബൈല്‍ എത്തിച്ച തടവുകാരനാകും മാപ്പു സാക്ഷിയെന്നാണ് സൂചന. ഇതാണ് കേസിന് പുതിയ മാനങ്ങള്‍ നല്‍കിയത്.

ദിലീപും പള്‍സറും നല്‍കുന്ന മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ മാര്‍ട്ടിനിലൂടെയാണ് പൊലീസ് പൊളിച്ചത്. എല്ലാ പ്രതികള്‍ക്കും ശിക്ഷ ഉറപ്പുവരുത്താന്‍ മാര്‍ട്ടിന് കഴിയുമായിരുന്നു. ഗൂഢാലോചനയിലെ അണിയറ രഹസ്യങ്ങളും മാര്‍ട്ടിന് നേരിട്ട് ബോധ്യമുണ്ട്. ആക്രമിക്കപ്പെട്ട നടിയെ തൃശൂരില്‍ നിന്ന് മാര്‍ട്ടിനാണ് കാറില്‍ കൊണ്ടു വന്നത്. ഇതിനിടെയാണ് ആക്‌സിഡന്റ് ഉണ്ടാകുന്നതും വണ്ടിയിലേക്കുള്ള പള്‍സര്‍ സുനിയുടെ വരവും. പിന്നീട് പീഡനവും മറ്റും നടന്നു. അതിന് ശേഷം ലാലിന്റെ വസതിയില്‍ നടിയുമായി എത്തിയതും മാര്‍ട്ടിനാണ്. ഇവിടെ എത്തിയ പിടി തോമസാണ് മാര്‍ട്ടിനെതിരെ ചില സംശയങ്ങള്‍ ഉന്നയിച്ചത്. മാര്‍ട്ടിന്റെ കൈയില്‍ നിന്നായിരുന്നു ഫോണ്‍ വാങ്ങി ആന്റോ ജോസഫ് പള്‍സര്‍ സുനിയെ വിളിച്ചത്. തുടര്‍ന്ന് പൊലീസ് മാര്‍ട്ടിനെ കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയായിരുന്നു പള്‍സര്‍ സുനിക്കായി വേട്ട തുടങ്ങുന്നത്. ഇതാണ് കോടതിയില്‍ നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ പള്‍സര്‍ സുനിയെ പൊലീസ് പിടികൂടാന്‍ സാഹചര്യമൊരുക്കിയത്. താനും മാര്‍ട്ടിനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് നടിയെ തട്ടിക്കൊണ്ട് പോകലെന്നായിരുന്നു സുനിയുടെ മൊഴി. ഇതാണ് മാര്‍ട്ടിനെ ചൊടിപ്പിച്ചത്. താന്‍ ഈ കേസില്‍ വെറുമൊരു കാഴ്ചക്കാരന്‍ മാത്രമായിരുന്നുവെന്ന് മാര്‍ട്ടിന്‍ പറയുന്നു. വമ്പന്‍ സ്രാവിനെ കുടുക്കാന്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് മാര്‍ട്ടിന്റെ പക്ഷം.

തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുമ്പോള്‍ രാത്രി ഒന്‍പതേകാലോടെ അങ്കമാലിക്ക് സമീപം അത്താണിയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. തൃശ്ശൂരില്‍ നിന്ന് ഒരു സിനിമയുടെ ഡബ്ബിങ് ജോലികള്‍ക്കായി കാക്കനാട്ടെ സ്റ്റുഡിയോയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സിനിമയുടെ യൂണിറ്റില്‍ നിന്ന് അയച്ച കാറിലായിരുന്നു യാത്ര. അത്താണിയില്‍ വച്ച് ടെമ്പോ ട്രാവലര്‍ കാറിനു പിന്നില്‍ തട്ടി. കാറോടിച്ചിരുന്ന മാര്‍ട്ടിന്‍ പുറത്തിറങ്ങി ടെമ്പോ ട്രാവലറുകാരുമായി തര്‍ക്കിച്ചു. ഇതിനിടെ മാര്‍ട്ടിനെ ട്രാവലറിലേക്ക് കയറ്റിയ ശേഷം അതില്‍ വന്ന മൂന്നുപേര്‍ കാറിനുള്ളിലേക്ക് ഇടിച്ച് കയറുകയും നടിയെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു.

മാര്‍ട്ടിന്‍ അടക്കമുള്ള സംഘം ട്രാവലറില്‍ പിന്തുടര്‍ന്നു. യാത്രയ്ക്കിടെ അപമാനിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതായാണ് നടി മൊഴി നല്‍കിയിരിക്കുന്നത്. ഇടയ്ക്ക് ട്രാവലറില്‍ പിന്നാലെ വന്ന ചിലര്‍ കാറില്‍ കയറിയതായും സൂചനയുണ്ട്. സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡിലൂടെ കാക്കനാട് വഴി പാലാരിവട്ടം ഭാഗത്ത് എത്തിയ ശേഷം ഇവര്‍ കാര്‍ ഉപേക്ഷിക്കുകയും മാര്‍ട്ടിനെ ഇറക്കിവിടുകയും ചെയ്തു. മാര്‍ട്ടിന്‍ തന്നെയാണ് നടിയെ ലാലിന്റെ വീട്ടിലെത്തിച്ചത്. തനിക്ക് ഈ പ്രശ്‌നത്തില്‍ പങ്കില്ലാത്തതു പോലെയാണ് മാര്‍ട്ടിന്‍ നിലകൊണ്ടത്. എന്നാല്‍ പിടി തോമസിന്റെ ഇടപെടല്‍ നര്‍ണ്ണായകമായി. നടി നേരിട്ട് വിളിച്ചു പറഞ്ഞതു പ്രകാരം ഐ.ജി. പി. വിജയന്‍ രാത്രി പന്ത്രണ്ടരയോടെ ലാലിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയും സംഘത്തെ പിടിക്കാനുള്ള നീക്കം തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് മാര്‍ട്ടിന് സംഘവുമായുള്ള ബന്ധം വ്യക്തമായത്. മാര്‍ട്ടിനാണ് പള്‍സര്‍ സുനി അടക്കമുള്ളവരുടെ പേര് വെളിപ്പെടുത്തിയത്. ഇതോടെയാണ് കേസിന് പുതിയ മാനം വന്നത്. ഇതോടെ ദിലീപ് ഫാന്‍സും കൂടുതല്‍ കരുത്തരായി. അവര്‍ വെല്ലുവിളികള്‍ നടത്തുകയും ചെയ്യുന്നു.

ദിലീപ് ഓണ്‍ലൈന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ദിലീപ് ജയിലില്‍ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാവുന്ന തരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടി, പൊലീസിന്റെ കള്ളക്കഥ സത്യമാക്കാന്‍ പാടുപെട്ട മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്തുകൊണ്ട്? നടി ആക്രമണക്കേസില്‍ മാധ്യമങ്ങളുടെ അമിത താല്‍പര്യം എന്തിനായിരുന്നു എന്ന ചോദ്യം ശരിയാവുകയല്ലെ ഇവിടെ? വേട്ടക്കാരനും, ഇരയും മാത്രമുള്ള വീഡിയോയില്‍ വേട്ടാക്കാരനു നിര്‍ദ്ദേശം നല്‍കുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം

ദിലീപ് പ്രതിയായ കേസില്‍ ചില സുപ്രധാന സംഭവങ്ങള്‍ ഇന്നുണ്ടായി, എന്നാല്‍ എത്ര മാധ്യമങ്ങള്‍ ഇത് സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തു എന്നോ എത്ര മാധ്യമങ്ങള്‍ അബദ്ധം പറ്റി റിപ്പോര്‍ട്ട് ചെയ്ത ശേഷം ആരുടെ ഒക്കെയോ നിര്‍ദ്ദേശപ്രകാരം ആ വാര്‍ത്ത മുക്കിയെന്നോ നിങ്ങള്‍ക്ക് അറിയാമോ? ദിലീപ് ഇന്ന് കോടതിയില്‍ എത്തിയത് അദ്ദേഹം പ്രതിയായ കേസില്‍ അദ്ദേഹത്തിന് എതിരെ ഉള്ള തെളിവുകള്‍ നിയമപ്രകാരം ലഭിക്കണം എന്ന ആവശ്യവും ആയാണ്. ഇത് യഥാര്‍ത്ഥ തെളിവുകള്‍ ആണെങ്കില്‍ ദിലീപേട്ടന് ഇത് നല്‍കാന്‍ പൊലീസ് മടിക്കുന്നത് എന്തിന്? എന്താണ് പൊലീസ് ഒളിക്കാന്‍ ശ്രമിക്കുന്നത്?

ദിലീപേട്ടന്‍ കോടതിയില്‍ നല്‍കിയ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍

1. താനുള്‍പ്പെട്ട കുറ്റപത്രത്തില്‍ പൊലീസ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് എതിരാണ്. ഒരു കേസില്‍ ആദ്യം കുറ്റപത്രം നല്‍കിയ ശേഷം വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നിയമപ്രകാരം അനുബന്ധ കുറ്റപത്രം ആണ് സമര്‍പ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പൊലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമര്‍പ്പിച്ചിരിക്കുക ആണ്. അതുകൊണ്ടു ഈ പുതിയ കുറ്റപത്രം നിരസിച്ചു നിയമപ്രകാരം ഉള്ള മറ്റൊരു കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടണം.

2 .തനിക്കു ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോര്‍ഡ്‌സ്, മെഡിക്കല്‍ റെക്കോര്‍ഡ്‌സ്, ഫോറന്‍സിക് റിപോര്‍ട്‌സ് പോലെ ഉള്ള വളരെ നിര്‍ണായകമായ പല തെളിവുകളും ഇല്ല. ഇത് സംശയാസ്പദം ആണ്.

3. കോടതി നിര്‍ദ്ദേശ പ്രകാരം നടിയെ ആക്രമിക്കുന്ന വീഡിയോ കാണാന്‍ ഉള്ള അവസരം തനിക്കും തന്റെ അഭിഭാഷകനും ലഭിച്ചു. എന്നാല്‍ ഞെട്ടിക്കുന്ന കാര്യം എന്തെന്ന് വച്ചാല്‍ ആ വിഡിയോയില്‍ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസില്‍ പ്രോസിക്യൂഷന്‍ ഇത് വരെ പറഞ്ഞതിന് വിപരീതം ആണ്. ഒന്നാം പ്രതിയും പൊലീസും ആയുള്ള ഒത്തു കളിയിലൂടെ അവര്‍ക്കിഷ്ടം ഉള്ള തിരഞ്ഞെടുക്കപ്പെട്ട വീഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാര്‍ഡ് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

4. ഈ മെമ്മറി കാര്‍ഡില്‍ തിരിമറികള്‍ നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്‍ ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ മറ്റു ചിലപ്പോള്‍ ആ സ്ത്രീ ശബ്ദം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുവാനും കഴിയും.

5. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതില്‍ നിന്ന് മനസ്സിലാവുന്നത്. ഇത് പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാല്‍ ഈ വീഡിയോയില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ കഴിയും. മാത്രവും അല്ല ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് എനിക്ക് ഈ തെളിവുകള്‍ തരാന്‍ പൊലീസ് മടിക്കുന്നത്.

6 . റെക്കോര്‍ഡുകള്‍ പ്രകാരം മാര്‍ച്ച് എട്ടാം തീയതി DySP ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തിരുന്നു.വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തു നോക്കാന്‍വേണ്ടി ആണ് ഇത് ചെയ്തത്. എന്നാല്‍ ഒത്തു നോക്കിയതിന്റെ റിസള്‍ട്ട് ഇത് വരെ ലഭ്യമല്ല.

7 . കൃത്യം റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ കണ്ടേക്കാം കഴിഞ്ഞില്ല എന്ന പൊലീസിന്റെ വാദം തെറ്റാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ മൊബൈല്‍ പൊലീസിന്റെ കയ്യില്‍ ഉണ്ടെന്നു സംശയിക്കുന്നു.

ഇങ്ങനെ ഉള്ള നിരവധി പോയിന്റുകള്‍ നിരത്തി ആണ് ദിലീപേട്ടന്‍ ഇന്ന് കോടതിയെ സമീപിച്ചത്. അതോടൊപ്പം രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ഇന്ന് കോടതിയില്‍ പറഞ്ഞത് തനിക്ക് നടിയെയും സുനിയെയും പേടി ആണെന്നാണ്. സത്യങ്ങള്‍ ഓരോന്നായി പുറത്തു വരുന്നു. ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും. അതുറപ്പ്

Top