നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. സിആര്‍പിസി 406 പ്രകാരം ഹൈക്കോടതി ഉത്തരവിന് എതിരെയാണ് സര്‍ക്കാര്‍ കോടതി മാറ്റത്തിനുളള ആവശ്യം ഹര്‍ജിയായി ഉന്നയിക്കുന്നത്. ഹൈക്കോടതിയില്‍ ഉന്നയിച്ച വാദമുഖങ്ങള്‍ തന്നെയായിരിക്കും പ്രധാനമായും സുപ്രീംകോടതിയിലും അറിയിക്കുക.
ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല എന്നുളളതായിരിക്കും വാദം. 2013-ലെ ഭേദഗതിപ്രകാരമുളള മാറ്റങ്ങള്‍ക്കനുസൃതമായല്ല ഹൈക്കോടതി വിധി എന്നതായിരിക്കും പ്രധാനപ്പെട്ട വാദം. കോടതിയില്‍ നടന്നിട്ടുളള മറ്റുകാര്യങ്ങള്‍ എല്ലാം നേരത്തേ ഹൈക്കോടതിയെ അറിയിച്ചിട്ടുളളതാണ്. അക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടായിരിക്കും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സുപ്രീംകോടതിയിലേക്ക് സംസ്ഥാനസര്‍ക്കാര്‍ പോകുന്നത്.
നേരത്തേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ ഇതേ കാര്യവുമായി സമീപിക്കുന്ന കാര്യം ആലോചിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് ഇതിന് തടസ്സമായതിനാലാണ് സിആര്‍പിസി 406 പ്രകാരം കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിലേക്ക് പോകാനുളള തീരുമാനം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡല്‍ഹിയിലുളള നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടന്നുവരികയാണ്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ ഹാജരാകുമെന്നാണ് വിവരം.
സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കുക എന്നുളളത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഹര്‍ജി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ അഭിഭാഷകര്‍ കടന്നുകഴിഞ്ഞു.