നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്തു. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പള്‍സര്‍ സുനിയെ ചോദ്യം ചെയ്തത്. കാക്കനാട് സബ് ജയിലില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
നേരത്തെ പൾസർ സുനി ജയിലിൽ വച്ച് എഴുതിയതെന്ന തരത്തിലുള്ള കത്ത് പുറത്തുവന്നിരുന്നു. കത്തുമായി ബന്ധപ്പെട്ട് നേരത്തെ പൾസർ സുനിയുടെ സെല്ലിൽ പരിശോധനയും നടത്തിയിരുന്നു. അന്വേഷണ സംഘം സുനിയുടെ അമ്മ ശോഭനയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ഇവരുടെ രഹസ്യമൊഴി വിചാരണക്കോടതി രേഖപ്പെടുത്തുകയും ചെയ്തു.
ഇരയായ നടിയോട് സുനിക്ക് വൈരാഗ്യമുണ്ടായിരുന്നില്ലെന്നും നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയാണെന്ന് സുനി പറഞ്ഞിരുന്നുവെന്നും ശോഭന വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് അന്വേഷണ സംഘം ചോദിച്ചു.
അതേസമയം, വധഗൂഡാലോചന കേസില്‍ ദിലീപിന്‍റെ മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതിക്ക് കൈമാറാന്‍ തയാറാണോയെന്ന് സിംഗിള്‍ ബെഞ്ച് ചോദിച്ചു. സ്വകാര്യതയുടെ ലംഘനവും തെറ്റായ കീഴ്വഴക്കവും ആയിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഈ നിര്‍ദേശം നിരസിച്ചു. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ കൈമാറാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയിലായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഹര്‍ജിയില്‍ ഇന്ന് വിശദമായി വാദം കേള്‍ക്കും.
വധഗൂഡാലോചനക്കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘത്തിന് കൈമാറാന്‍ ദിലീപിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യത്തെ എതിര്‍ത്ത ദിലീപ്, അന്വേഷണ സംഘത്തിന്‍റെ ആവശ്യം സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് നിലപാടെടുത്തു. തന്‍റെ ഫോണിലെ ഡേറ്റ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്‍റെ ശ്രമമെന്നായിരുന്നു ദിലീപിന്റെ വാദം.