നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളുടെ മൊഴിമാറ്റാന്‍ ശക്തമായ ശ്രമങ്ങള്‍ ഉണ്ടായെന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്. സാക്ഷിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എംഎല്‍എ ഗണേഷ് കുമാറിന്റെ സെക്രട്ടറി തന്നെ അറസ്റ്റിലാകുമ്പോള്‍ കേസ് അട്ടിമറിക്കാന്‍ നടന്ന ഗൂഡനീക്കങ്ങള്‍ ഓരോന്നായി പുറത്ത് വരികയാണ്.
കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയാല്‍ പണവും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി സാക്ഷിയായ തൃശൂര്‍ ചുവന്നമണ്ണ് നെല്ലിക്കല്‍ ജിന്‍സന്‍ വെളിപ്പെടുത്തി. അഞ്ചു സെന്റ് ഭൂമിയും 25 ലക്ഷം രൂപയും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതായിട്ടാണ് ജിന്‍സന്‍ പരാതി നല്‍കിയിരിക്കുന്നത്. സാക്ഷികളില്‍ ഒരാളും പള്‍സര്‍ സുനിയുടെ സഹതടവുകാരനുമായിരുന്നു ജിന്‍സന്‍.
ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞ പ്രകാരം കൊല്ലം സ്വദേശി നാസറാണ് കഴിഞ്ഞ ജനുവരിയില്‍ ഫോണില്‍ വിളിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇ മെയില്‍ വഴി ഇന്നലെ വൈകിട്ടാണ് പരാതി നല്‍കിയത്. പിന്നീട് ജിന്‍സന്‍ സ്റ്റേഷനിലേക്ക് വിളിച്ചു.
ഭാര്യയ്ക്ക് കൊവിഡ് ഉളളതിനാല്‍ ജിന്‍സന്‍ ക്വാറന്റൈനിലാണ്. അതിനാല്‍ നേരിട്ട് സ്റ്റേഷനിലെത്താനായില്ല. പരാതി സ്വീകരിച്ചിട്ടുണ്ടെന്നും പ്രാഥമികനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ഫോണ്‍ വിളിച്ച ശേഷം ഇപ്പോള്‍ പരാതിപ്പെട്ടത് എന്തുകൊണ്ടാണെന്നത് അടക്കമുളള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.
പള്‍സര്‍ സുനി ജയിലില്‍ കഴിയുന്നതിനിടെ മറ്റൊരു കേസില്‍ പ്രതിയായി ജിന്‍സന്‍ ജയിലില്‍ ഉണ്ടായിരുന്നു. അന്ന് കേസുമായി ബന്ധപ്പെട്ട് പല വിവരങ്ങളും പള്‍സര്‍ സുനി ജിന്‍സനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മൊഴിയായി പൊലീസിന് നല്‍കിയിട്ടുണ്ട്. ദിലീപിനെ പ്രതി ചേര്‍ക്കുന്നതിലേക്കും രണ്ടാം ഘട്ടം കേസന്വേഷണം നീങ്ങിയതിലേക്കും ജിന്‍സന്റെ മൊഴികള്‍ നിര്‍ണ്ണായകമായിരുന്നു.