കൊച്ചി :നടി എന്നതിലുപരി അബാം മൂവീസ് എന്ന നിർമാണകമ്പനിയുടെ അമരക്കാരിൽ ഒരാൾ കൂടിയാണ് ശീലു എബ്രഹാം . ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബാഡ് ബോയ്സാണ് അബാം മൂവീസിന്റെ നിർമാണത്തിൽ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ഈ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാനായി ശീലു മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.
സിനിമയിൽ അവസരം നൽകാമെന്ന പേരിൽ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് അടുത്തിടെ ഒരു യുവനടി ഒമർ ലുലുവിനെതിരെ കേസ് കൊടുത്തത് വലിയ ചർച്ചയായിരുന്നു.ഈ സംഭവം സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചുവോയെന്ന ചോദ്യത്തിന് വളരെ കൃത്യമായ മറുപടിയാണ് ശീലു നൽകിയത്. ഒമറിന്റെ ആ കേസുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികൾ ഒരു വശത്ത് കൂടി നടക്കുന്നുണ്ടെന്നും തങ്ങൾ പക്ഷെ അതേ പറ്റിയൊന്നും ബോതേർഡല്ലെന്നും ശീലു പറയുന്നു.
ഒമർ ലുലുവിന്റെ പേരിൽ ആ ഇഷ്യു വരുന്നതിനും വളരെ മുമ്പാണ് ബാഡ് ബോയ്സ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഞങ്ങൾ തുടങ്ങിയത്. ഷൂട്ട് ഇരുപത്തിയഞ്ച് ദിവസത്തോളം കഴിഞ്ഞപ്പോഴാണ് ഒമറിന്റെ പേരിൽ ഈ കേസ് വന്നത്. അദ്ദേഹത്തിന്റെ കേസുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികൾ ഒരു വശത്ത് കൂടി നടക്കുന്നുണ്ട്. ഞങ്ങൾ പക്ഷെ അതേ പറ്റിയൊന്നും ബോതേർഡല്ല. ഞാനും അദ്ദേഹവും വളരെ ഫ്രണ്ട്ലിയാണ്. കേസ് വന്ന സമയത്ത് ഒമറിന് ജാമ്യം കിട്ടിയില്ലെങ്കിൽ സിനിമയെ ബാധിക്കുമോയെന്ന തോന്നൽ വന്നിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പേരിൽ അങ്ങനൊരു കേസ് വന്നപ്പോൾ ആളുകൾ വലിയ രീതിയിൽ അറ്റാക്ക് ചെയ്തതായി കണ്ടില്ല.
എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ മീടുവും സ്ത്രീകൾ ഇത്തരത്തിൽ സംസാരിക്കുന്നതുമെല്ലാം ഇൻഡസ്ട്രിയിൽ ഇപ്പോൾ വളരെ കോമണാണ് എന്നതാണ്. അതുകൊണ്ട് ആളുകളും ലൈറ്റായി എടുത്ത് തുടങ്ങിയതായി തോന്നി. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ബന്ധങ്ങൾ നിരവധി ലോകത്ത് നടക്കുന്നുണ്ട്. സിനിമ മേഖലയിലെ ഇത്തരം ബന്ധങ്ങൾ ജനങ്ങൾ അറിയുന്നതല്ല അറിയിക്കുന്നതാണ്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസം വരുമ്പോൾ പകപോക്കാനായോ മറ്റോ ആരെങ്കിലും ഒരാൾ എല്ലാം പുറത്ത് പറയും. ഒരു ആവശ്യത്തിന് വേണ്ടിയും ഒരു ബന്ധത്തിലേക്ക് നമ്മൾ പോകരുത്. ആണുങ്ങൾക്ക് എത്ര റിലേഷൻഷിപ്പുണ്ടെങ്കിലും അവർ രക്ഷപ്പെട്ട് പോകും.
പക്ഷെ സ്ത്രീകൾ എപ്പോഴും ശ്രദ്ധിക്കണം. എക്സ്ട്രാമാരിറ്റൽ അഫയറിലേക്ക് പോകുന്നവരെ ഞാൻ കുറ്റം പറയില്ല. കാരണം അവരുടെ ഭാഗത്ത് ഒരു ശരിയുണ്ടാകുമല്ലോ. എന്തുകൊണ്ടാണ് നമ്മൾ അങ്ങനെ കാണാത്തത്. അവർ അങ്ങനെ പോകുന്നെങ്കിൽ സാഹചര്യം കൊണ്ടായിരിക്കാം. നമ്മൾ അതിനെ കുറ്റം പറയേണ്ട കാര്യമെന്താണ്. മനുഷ്യൻ ഇക്കാര്യങ്ങളെല്ലാമുള്ള വ്യക്തിയായാണ് ജനിക്കുന്നത്.
എന്നാൽ ഒരാളുമായി ഒരുപാട് പ്രാവശ്യം ബന്ധം വെച്ചശേഷം പിന്നീട് വന്ന് എന്നെ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നവർക്കൊപ്പം ഞാൻ നിൽക്കില്ല. ലെറ്റ് ദം സഫർ… ലെറ്റ് ദം എഞ്ചോയ്… അല്ലാതെ കുട്ടികളേയും വയസായവരേയുമൊക്കെ ബലാത്സംഗം ചെയ്യുന്നവരെ അപ്പോൾ തന്നെ കൊല്ലണമെന്നാണ് നിലപാട് വ്യക്തമാക്കി ശീലു പറഞ്ഞത്. തങ്ങൾ നിർമ്മിക്കുന്ന സിനിമകളിലെല്ലാം ധ്യാനിനെ കാസ്റ്റ് ചെയ്യുന്നതിന്റെ കാരണവും ശീലു വെളിപ്പെടുത്തി. ബാഡ് ബോയ്സിലും ധ്യാൻ അഭിനയിക്കുന്നുണ്ട്.
ധ്യാൻ ഞങ്ങളുടെ വരാനിരിക്കുന്ന മൂന്ന് പടത്തിലും അഭിനയിക്കുന്നുണ്ട്. അവൻ ഞങ്ങളുടെ കുടുംബത്തിലെ അംഗത്തെപ്പോലെയാണ്. എല്ലാ പടത്തിലേക്കും ധ്യാനിനെ വിളിക്കാനുള്ള ഒരു കാരണം ധ്യാൻ ഭയങ്കര പാവമാണ്. ജാഡയൊന്നുമില്ല.
നമ്മൾ വിളിച്ചാൽ നോ പറയാറുമില്ല. നമുക്ക് ഒപ്പം നിൽക്കുന്നവരെയല്ലേ പരിഗണിക്കേണ്ടതാണ്. നല്ലൊരു മനുഷ്യനാണ് ധ്യാൻ. ഞാൻ ബന്ധങ്ങൾക്ക് വലിയ വില കൊടുക്കുന്നയാളാണ്. കോക്കസും ഗ്രൂപ്പുമൊന്നും ഉണ്ടാകുന്നതല്ല. ഓട്ടോമാറ്റിക്കലി സംഭവിക്കുന്നതാണ്. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അപ്രിയ സത്യമൊന്നുമില്ലെന്നും ശീലു പറയുന്നു.
വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ് ശീലു എബ്രഹാം. 2013ലാണ് ചിത്രം പുറത്തിറങ്ങിയത്. പിന്നീട് അങ്ങോട്ട് സോളോ, പുതിയ നിയമം, പുത്തൻ പണം, കനൽ, ശുഭരാത്രി, ഷീ ടാക്സി, അൽ മല്ലു, സ്റ്റാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശീലു വേഷമിട്ടു. ജയറാം നായകനായ പട്ടാഭിരാമൻ അടക്കം ചില സിനിമകളിൽ നായികയായും ശീലു അഭിനയിച്ചു.