”ജോഷ്വാ മോശയുടെ പിൻഗാമി’ മിസ്റ്ററി ത്രില്ലറുമായി പുതുമുഖങ്ങൾ…

സ്വന്തം ലേഖകൻ

കോട്ടയം : ലോകസിനിമയിൽ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രങ്ങൾക്ക് എപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കാണുന്ന പ്രേക്ഷകനെ കഥയിലേക്ക് എത്തിക്കാൻ സാധിച്ചാൽ പിന്നീട് പ്രേക്ഷകർ കഥാപാത്രത്തിനൊപ്പം സഞ്ചരിക്കും എന്ന പ്രത്യേകത ത്രില്ലർ ചിത്രങ്ങൾക്കുണ്ട്. മലയാള പ്രേക്ഷകർ എപ്പോഴും പരാതി പറഞ്ഞിരുന്ന കാര്യമായിരുന്നു മലയാള സിനിമയിൽ നല്ല ത്രില്ലറുകളെത്തുന്നില്ലായെന്നുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ മെമ്മറീസ്, ദൃശ്യം, അഞ്ചാംപാതിര, ഫോറൻസിക് തുടങ്ങിയ ചിത്രങ്ങളെത്തിയതോടെ മലയാള സിനിമയിൽ ത്രില്ലർ ദാരിദ്ര്യം അവസാനിക്കുകയായിരുന്നു. ഈ ചിത്രങ്ങളുടെ ചുവട് പിടിച്ച് പിന്നീട് ചെറുതും വലുതുമായ പല ത്രില്ലർ ചിത്രങ്ങളും പ്രേക്ഷകരുടെ മുൻപിലെത്തി. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് ഒരു സംഘം പുതുമുഖങ്ങൾ കൂടി എത്തി നിൽക്കുകയാണ്.

‘ജോഷ്വാ മോശയുടെ പിൻഗാമി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സംവിധായകനായ തരുൺ മൂർത്തിയാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചിരിക്കുന്നവരിൽ 99 ശതമാനം പേരും പുതുമുഖങ്ങളാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

എന്റെ മെഴുതിരി അത്താഴങ്ങൾ, സൂത്രക്കാരൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധാന സഹായിയായി പ്രവർത്തിച്ച സുധീഷ് മോഹനാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സുധീഷ് മോഹൻ തന്നെ തിരക്കഥയൊരുക്കി കഴിഞ്ഞ മാസം പ്രദർശനത്തിനെത്തിയ റോഡി എന്ന ഹൃസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അഖിലേഷ് ഈശ്വറാണ് ഈ ചിത്രത്തിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കള, ആർക്കറിയാം എന്നി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ പ്രമോദ് വെളിയനാടും ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രമായെത്തുന്നു.

കയേദു സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അഖിലേഷിനൊപ്പം നാൽപ്പതോളം പുതുമുഖങ്ങളും വേഷമിട്ടിരിക്കുന്നു. വിനോദ് ഗോപി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് അനീഷ് സ്വാതിയും, സംഗീതവും പശ്ചാത്ത സംഗീതവും ഒരുക്കിയിരിക്കുന്നത് ബോണി ലൂയിസുമാണ്.

കോവിഡ് പരിമിതികൾക്കുളളിൽ നിന്നാണ് അണിയറ പ്രവർത്തർ സിനിമ പൂർത്തീകരിച്ചിരിക്കുന്നത്. ചിത്രം പൂർണമായും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവത്തിലുള്ള ഡ്രാമയാണെന്ന് സംവിധായകൻ പറയുന്നു. ഒരു പെൺകുട്ടിയുടെ തിരോധാനവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ അനൗൺസ്‌മെന്റ് പോസ്റ്ററിൽ വലിയ തരത്തിലുള്ള നിഗൂഡതകൾ അണിയറ പ്രവർത്തകർ ഒളിപ്പിച്ച് വെച്ചിരുന്നു.

ഇപ്പോൾ ഇറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും ചിത്രം സംസാരിക്കുന്ന വിഷയത്തെക്കുറിച്ചുള്ള ചില സൂചനകളും കാണാം. സ്ത്രീകളും സൈബർ കുറ്റകൃത്യങ്ങളും, പെൺകുട്ടികളുടെ തിരോധാനത്തിലെ ദുരൂഹത, ലോക്ഡൗൺ നീട്ടി തുടങ്ങിയ തലക്കെട്ടുള്ള പത്രവാർത്തകൾ പോസ്റ്ററിൽ ചിലയിടങ്ങളിൽ അവ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.

ഒരു കച്ചവട സിനിമ എന്നതിനപ്പുറത്തേക്ക് ജോഷ്വാ മോശയുടെ പിൻഗാമി എന്ന ചിത്രം സംസാരിക്കുന്ന വിഷയം കുറച്ച് കൂടീ തീവ്രയേറിയതാണ് എന്ന സൂചനയും പോസ്റ്റർ നൽകുന്നുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ആഗസ്റ്റ് മാസത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

Top