പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രമാണ് ഡീയസ് ഈറേ. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഭൂതകാലം, ഭ്രമയുഗം പോലുള്ള പടങ്ങൾ ചെയ്ത രാഹുൽ സദാശിവനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചതിനുമപ്പുറം തന്നെ ലഭിച്ചുവെന്ന് പറയാം.
ക്രൂരമായ കാഹളത്തിന്റെ നാളം ഓരോ ശവകുടിരത്തിനെയും കീറിമുറിച്ച് ഏവരെയും സിംഹസനത്തിന്റെ മുൻപിൽ മുട്ട് കുത്തിക്കും. അന്ന് ആകാശവും ഭൂമിയും ചാരമായിമാറും .
രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘ഡീയസ് ഈറെ’ ഒക്ടോബർ 30ന് തിയേറ്ററിൽ റിലീസ് ചെയ്തു. ‘ഡീയസ് ഈറെ’ എന്നത് ഒരു ലത്തീൻ വാക്കാണ്. ‘ക്രോധത്തിൻ്റെ ദിനം’ എന്നാണ് ഈ വാക്കിനർത്ഥം. ഹൊറർ ഴോണർ ഇഷ്ടപ്പെടുന്നവരെ ‘ഡീയസ് ഈറേ’ ഒരു കാരണവശാലും നിരാശപ്പെടുത്തില്ല. ഭയത്തിൻ്റെയും ദുരൂഹതയുടെയും ലോകത്തിലേയ്ക്ക് കാഴ്ചക്കാരെ എത്തിക്കുന്ന ഡീയസ് ഈറെ റിലീസായ അതേ ദിവസം മിൽമ സോഷ്യൽ മീഡിയിൽ പങ്കുവച്ച പരസ്യമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഡയറ്റ് ഈറെ എന്ന ടൈറ്റിൽ നൽകി ഐസ്ക്രീമിൻ്റെ പരസ്യമാണ് മിൽമ പങ്കുവച്ചിരിക്കുന്നത്. ‘നിങ്ങളുടെ ഡയറ്റിനെ ഏറ്റവും പേടിപ്പിക്കുന്ന ടേസ്റ്റ്’ എന്ന കുറിപ്പും ഒപ്പം സിനിമയുടെ ടൈറ്റിൽ പോസ്റ്ററിനെ അനുസ്മരിപ്പിക്കുന്ന ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇത് വേറെ ലെവൽ പരസ്യം,’ എന്നു തുടങ്ങി ഒട്ടനവധി ആരാധകരാണ് പോസ്റ്ററിനെ അഭിനന്ദിച്ച് കമൻ്റ് ചെയ്തിരിക്കുന്നത്.
പേടിച്ചു വിറച്ചു പോയെന്നാണ് തിയേറ്റർ വിട്ടിറങ്ങിയ ഓരോ പ്രേക്ഷകനും പറഞ്ഞത്. പ്രണവിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തിലേതെന്നും സിനിമയുടെ മേക്കിങ് അതിഗംഭീരമായിരുന്നുവെന്നും പ്രേക്ഷകർ പറയുന്നു. ടീസറും ട്രെയിലറും തന്ന പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തന്നെ പറയാം. ഭയത്തിന്റെ മുൾമുനയിൽ ചിത്രം പ്രേക്ഷകരെ നിർത്തി.
പൊട്ടി വീണ ചായ കോപ്പയിൽ നിന്ന് വീഴുന്ന ചായക്ക് വരെ ഭീതി പടർത്താൻ കഴിയുന്ന രാഹുൽ സദാശിവൻ മാജിക് ആണ് ഡീയസ് ഈറേയിൽ കണ്ടത്. തിയേറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ട ചിത്രമാണ് ഡീയസ് ഈറെ. തിയേറ്ററിൽ നിന്നിറങ്ങിയ എല്ലാവരും ഒന്നടങ്കം പറഞ്ഞത് പേടിച്ചു വിറച്ചുവെന്നാണ്.
പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന റോഹൻ എന്ന കഥാപാത്രത്തിലൂടെയാണ് ‘ഡീയസ് ഈറെ’യുടെ കഥ വികസിക്കുന്നത്. റോഹനെ അവതരിപ്പിക്കുന്ന ആദ്യ ഫ്രെയിമിൽ, ആദ്യ സീനിൽ നിന്നു തന്നെ നമുക്ക് അയാളുടെ സ്വഭാവത്തെ വായിച്ചെടുക്കാം. പണക്കാരനായ അച്ഛന്റെ, ജീവിതത്തെ ആർത്തുല്ലസിക്കുന്ന മകൻ. അയാളിലൂടെയാണ് നമ്മൾ ന്യായവിധി നാളിലേക്ക് കടക്കുന്നത്. അതെ, മരിച്ചവരും ജീവിക്കുന്നവരും ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ ന്യായവിധിക്കായി മുട്ടുകുത്തി നിൽക്കുന്ന ദിനം. ഈ ഭൂമിയിൽ അടങ്ങാത്ത ആഗ്രഹങ്ങൾ അവശേഷിപ്പിച്ച് പോയ ഒരാളുടെ ക്രോധത്തിന്റെ നിഴൽ റോഹനിൽ പതിക്കുന്നു. ചുറ്റം നടക്കുന്നതിൽ എന്തോ അപാകതയുണ്ടെന്ന് അയാൾക്ക് മനസിലാകുന്നുണ്ട്. പക്ഷേ അതിന്റെ കാരണങ്ങൾ വിശദീകരിക്കാൻ അവന് സാധിക്കുന്നില്ല. അവിടെയാണ് മധുസൂദനൻ പോറ്റി എന്ന കഥാപാത്രം കടന്നുവരുന്നത്. പ്രേക്ഷകരോടും റോഹനോടും കാര്യങ്ങളുടെ കിടപ്പുവശം അവതരിപ്പിക്കുന്നത് ഈ കഥാപാത്രമാണ്. ചിലർ തങ്ങളുടെ ഇഷ്ടങ്ങളെ മുറുക്കെപ്പിടിക്കും. മരിച്ചാലും അവർ ആ പിടിത്തം വിടില്ല. അതാണ് ഈ സിനിമയുടെ ഇതിവൃത്തം. ‘ഭൂതകാല’വും ‘ഭ്രമയുഗ’വും നല്‍കിയ ആത്മവിശ്വാസം രാഹുലിന്റെ കഥപറച്ചിലില്‍ പ്രകടമാണ്. തന്റെ ശൈലിയില്‍ ഉറച്ചു നിന്ന് കഥപറയുകയാണ് രാഹുല്‍ സദാശിവന്‍.
റോഹൻ എന്ന കഥാപാത്രമായി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പ്രണവ് മോഹൻലാൽ കാഴ്ചവയ്ക്കുന്നത്. പ്രണവ് ഞെട്ടുമ്പോൾ കാണികളെ ഞെട്ടിക്കാൻ ഇടയ്ക്ക് ചില സിനിമാറ്റിക്ക് പൊടിക്കൈകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം സമയവും അയാളുടെ കണ്ണിലൂടെയാണ് നമ്മളിലേക്ക് ഭയം ഇരച്ചുകയറുന്നത്. ഈ സിനിമയിൽ ഡയലോഗുകൾ കുറവാണ്. അതുകൊണ്ടുതന്നെ അഭിനേതാക്കളുടെ ശരീരമാണ് പ്രേക്ഷകനുമായി സംവേദിക്കുന്നത്. വ്യക്തമായ ഭാഷയിൽ പ്രണവിന്റെ ശരീരം നമ്മളോട് സംസാരിക്കുന്നു. മധുസൂദനൻ പോറ്റിയെ അവതരിപ്പിച്ച ജിബിൻ ഗോപിനാഥിന്റെ പ്രകടനവും എടുത്തു പറയണം. മധൂസൂദനൻ പോറ്റി ഒരു സാധാരണക്കാരനാണ്. അതേസമയം, അയാളിൽ നമുക്ക് ഒരു അസാധാരണത്വം തോന്നുന്നു. ജിബിൻ അത് അഭിനയിച്ചു ഫലിപ്പിച്ചു. ജയാ കുറുപ്പ്, അരുണ്‍ അജികുമാർ എന്നിവരുടെ പ്രകടനവും എടുത്തുപറയണം.
കഥാപാത്രങ്ങൾ എന്നപോലെ ഇടങ്ങൾക്കും ഈ സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. റോഹന്റെ വലിയ വീട് ആണ് അതിൽ പ്രധാനം. സാധാരണ പ്രേതപ്പടങ്ങളിൽ കാണുന്ന ഇടുങ്ങിയ ശ്വാസം കടക്കാത്ത മുറികൾക്ക് പകരമായി ഇവിടെ ഒരു വിശാലമായ അർബൻ ഡിസൈനിലുള്ള വീടാണ് രാഹുൽ ഭയം വിതയ്ക്കാനായി ഒരുക്കുന്നത്. കഥ അവസാനിപ്പിക്കുന്നത് ഇതിന് നേർവിപരീതമായ ഒരു ഇടത്തും. സിനിമയുടെ അവസാനത്തിൽ തന്റെ പ്രേക്ഷകർക്കായി ഒരു സർപ്രൈസും രാഹുൽ ഒരുക്കിയിട്ടുണ്ട്.
ഈ കഥ നമ്മൾ പലകുറി കേട്ടത് തന്നെയാണ്. അടുത്തത് എന്ത് എന്ന് നമുക്ക് ഊഹിക്കാനും സാധിക്കും. പക്ഷേ അത് ഒരുക്കിയിരിക്കുന്ന വിധമാണ് ‘ഡീയസ് ഈറെ’യെ വ്യത്യസ്തമാക്കുന്നത്. ഷെഹ്നാദ് ജലാലിന്റെ സിനിമാറ്റോഗ്രഫി നിഴലിലും വെളിച്ചത്തിലും മനോഹരമായ ഫ്രെയിമുകൾ സൃഷ്ടിച്ചു. ഷഫീക്ക് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും മികച്ച് നിന്നു. എന്നാൽ, കയ്യടികൾ കൊണ്ടുപോകുന്നത് കംപോസർ ക്രിസ്റ്റോ സേവ്യറും സൗണ്ട് ഡിസൈനർ ജയദേവൻ ചക്കാടത്തും ആണ്. വയോള, വയലിൻ, ചെല്ലോ എന്നിങ്ങനെ നിരവധി സംഗീതോപകരണങ്ങൾ ഉപയോഗിച്ചാണ് ക്രിസ്റ്റോ സിനിമയുടെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. ഇവയുടെ ശബ്ദം വേണ്ടിടത്ത് ഉയർത്തിയും അല്ലാത്തിടത്ത് നിശബ്ദമാക്കിയും ഒരു ഒപ്പേറപോലെ അയാൾ സിനിമയെ കൊണ്ടുപോകുന്നു. ക്ലീഷേകളെ പോലും പുതിയപോലെ തോന്നിപ്പിക്കുന്നു. പശ്ചാത്തല സംഗീതം നിശബ്ദമാകുന്നിടത്ത് പരിസരം മിണ്ടിത്തുടങ്ങും. ചുറ്റും ആരോ ശ്വസിക്കുന്നത് പോലെ.
‘ഡീയസ് ഈറെ’ എന്ന ടൈറ്റിലും ആ ഈണം ഉണ്ടാക്കുന്ന അസ്വസ്ഥതയും സിനിമയുടെ ആഖ്യാനത്തെയും സംഗീതത്തെയും വലിയതോതിൽ സഹായിച്ചിട്ടുണ്ട്. ‘ഡീയസ് ഈറെ’ എന്ന ലത്തീൻ വാക്കിന്റെ അർഥം ‘ക്രോധത്തിന്റെ ദിനം’ എന്നാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ തോമസ് ഓഫ് സെലാനോ എഴുതിയ ഈ സങ്കീർത്തനം ഒരു കാലത്ത് റോമൻ കാത്തലിക്ക് ചർച്ച് മരണാനന്തര ചടങ്ങുകളിലാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് പല സംഗീതജ്ഞരും പല വിധത്തിൽ ഈ ജോർജിയൻ ചാന്റ് ഉപയോഗിച്ചു. എന്തിനേറെ പറയുന്നു ‘ഷൈനിങ്’, ‘ഫ്രോസണ്‍ 2’ പോലുള്ള സിനിമകളിൽ പോലും.
ഇതിൽ ഹെക്ടർ ബെർലിയോസ് എന്ന സംഗീതജ്ഞൻ, ‘ഡീയസ് ഈറെ’യെ തീർത്തും വ്യത്യസ്തമായ രീതിയിലാണ് സമീപിച്ചത്.അദ്ദേഹം ‘ഡീയസ് ഈറെ’ മെലഡിയെ ടെക്സ്റ്റിൽ നിന്ന് അടർത്തി തന്റെ പ്രണയവുമായി ചേർത്തുവച്ചു. അതിന് കാരണം, ഐറിഷ് നടി ഹാരിയറ്റ് സ്മിത്സണോട് ബെർലിയോസിന് തോന്നിയ പ്രണയമായിരുന്നു. ഒരിക്കൽ പാരിസിൽ വച്ച് ‘ഹാംലറ്റ്’ എന്ന നാടകത്തില്‍ ഹാരിയറ്റ് അഭിനയിക്കുന്നത് ബെർലിയോസ് കാണാൻ ഇടയായി. കണ്ട മാത്രയിൽ ബെർലിയോസിന് ആ നടിയോട് പ്രണയം തോന്നി. അയാള്‍ അവളെ പിന്തുടർന്നു. പൂവുകള്‍ അയച്ചു, കത്തുകള്‍ എഴുതി. തെരുവിലൂടെ അവള്‍ നടന്നുപോകുന്നത് നിരീക്ഷിക്കാന്‍ ഒരു അപ്പാർട്ട്മെന്റ് പോലും വാടകയ്ക്ക് എടുത്തു. ആ പ്രണയം ഹാരിയറ്റ് നിരസിച്ചതോടെ വിഭ്രാന്തിക്ക് സമമായ അവസ്ഥയിലേക്ക് ബെർലിയോസ് കടന്നു. അയാളുടെ ഭ്രാന്തമായ ഭാവനയിൽ ഒരു കറുത്ത പൂവ് വിരിഞ്ഞു. ആ ദുസ്വപ്നമായിരുന്നു ‘സിംഫണി ഫെന്റാസ്റ്റിക്’. ഈ സിംഫണിയിലെ ‘ഡ്രീം ഓഫ് എ വിച്ചസ് സാബത്ത്’ എന്ന ഭാഗത്ത് ‘ഡീയസ് ഈറെ’ മെലഡി കേൾക്കാം. മരണത്തിന്റെ ഇതൾ വിരിയുന്നത് പോലെ. ഈ ദുസ്വപ്നത്തിന്റെ ഈണവും അതിന്റെ പിന്നിലെ കഥയും ആയിരിക്കണം രാഹുൽ സദാശിവന്റെ പ്രചോദനം. മരണത്തിന്റെ മെലഡിയും ഉന്‍മാദത്തോട് അടുത്ത പ്രണയവും!










