ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന മിക്കവരുടെയും പ്രധാനപ്രശ്‌നമാണ് സ്‌ക്രീനില്‍ പരസ്യങ്ങള്‍ നിറയുന്നത്. എന്തെങ്കിലും ബ്രൗസ് ചെയ്യാന്‍ കയറുന്നവര്‍ക്കും രക്ഷയില്ല. പരസ്യ വീഡിയോ ഓപ്പണായി ഉള്ള നെറ്റും തീരും. ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ ആഡ് ബ്ലോക്കിനെയാണ് ആശ്രയിക്കാറ്. ആഡ് ബ്ലോക്ക് സംവിധാനം ചെയ്താല്‍ പിന്നെ ഇത്തരം പരസ്യ ശല്യങ്ങള്‍ പ്രത്യക്ഷപ്പെടാറില്ല.
എന്നാല്‍, ഇനി അതൊന്നും ചെയ്യാന്‍ സാധിക്കില്ല. ആഡ് ബ്ലോക്കിംഗിനെ പരാജയപ്പെടുത്തുന്ന സംവിധാനവുമായി ഫേസ്ബുക്കെത്തി. പരസ്യ കമ്പനികള്‍ക്ക് പിന്തുണ നല്‍കിയാണ് ഫെയ്‌സ്ബുക്ക് പരസ്യങ്ങള്‍ക്കായി പുതിയ സാങ്കേതികത വികസിപ്പിച്ചത്. ഇനി മുതല്‍ ഡെസ്‌ക് ടോപ് ബ്രൗസറുകളിലെ ആഡ് ബ്ലോക്കിംഗ് സംവിധാനത്തെ പരാജയപ്പെടുത്തുന്ന പരസ്യങ്ങള്‍ ഫെയ്‌സ്ബുക്ക് പേജുകളില്‍ ഉടന്‍ പ്രതീക്ഷിക്കാം.
മാര്‍ക്കറ്റിംഗ് മേഖലയ്ക്ക് ഊര്‍ജ്ജം പകരാന്‍ ഉപയോക്താക്കള്‍ക്ക് താത്പര്യമില്ലാത്ത പരസ്യങ്ങളുടെ വിവരങ്ങള്‍ നല്‍കാനും ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്നുണ്ട്. എന്ത് കൊണ്ടാണ് ഏഴ് കോടി അമേരിക്കന്‍ ജനതയും 20 കോടി ലോക ജനതയും ആഡ് ബ്ലോക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തുന്നതെന്ന് പഠിക്കാന്‍ പ്രത്യേക സംഘത്തെ ഫെയ്‌സ്ബുക്ക് നിയോഗിച്ചിരുന്നു.റിപ്പോര്‍ട്ടുകള്‍ പ്രകാരം, 69 ശതമാനം ജനതയും ശല്യപ്പെടുത്തുന്ന പരസ്യങ്ങള്‍ക്കെതിരെയാണ് പ്രധാനമായും ആഡ് ബ്ലോക്ക് ഉപയോഗിക്കുന്നത്.
ബ്രൗസിംഗ് വേഗത കുറയ്ക്കുന്ന പരസ്യങ്ങള്‍ക്കെതിരെയാണ് 58 ശതമാനം ജനതയും സുരക്ഷാ കാരണങ്ങളാല്‍ 56 ശതമാനം ജനതയും ആഡ് ബ്ലോക്ക് സംവിധാനം പ്രയോജനപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അലോസരപ്പെടുത്താത്ത, വേഗവും സുരക്ഷിതത്വവുമായ പരസ്യങ്ങള്‍ നല്‍കുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് പ്രശ്നങ്ങളുണ്ടാകില്ലെന്ന നിലാപാടിലാണ് ഫെയ്‌സ്ബുക്ക്.
ജനങ്ങളെയും വിപണിയോട് അടുപ്പിക്കുകയാണ് ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്ന് ആന്‍ഡ്രു ബോസ്വര്‍ത്ത്, ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ഓഫ് ആഡ്സ് പറയുന്നു. ഉപയേക്താക്കള്‍ക്ക് എതിരായ നിലപാടാണ് ഫെയ്‌സ്ബുക്ക് കൈകൊള്ളുന്നത് എന്ന് ആഡ് ബ്ലോക്കിങ്ങ് മേഖലയിലെ പ്രമുഖ കമ്പനിയായ ആഡ് ബ്ലോക്ക് പ്ലസ് വ്യക്തമാക്കി.