കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം ലഭിച്ച ഏക കോര്‍പ്പറേഷനായ കണ്ണൂരില്‍ ടി.ഒ. മോഹനനെ മേയറായി തിരഞ്ഞെടുത്തു. കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, മുൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് എന്നിവരെ പിന്തള്ളിയാണ് ടി ഒ മോഹനൻ മേയർ സ്ഥാനം ഉറപ്പിച്ചത്. മാർട്ടിൻ ജോർജ്ജ് അവസാനഘട്ടത്തിൽ പിൻവാങ്ങിയതോടെയാണ് ടി ഒ മോഹനൻ തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് വിവരം. രഹസ്യബാലറ്റ് വഴിയായിരുന്നു തെരഞ്ഞെടുപ്പ്. മോഹനന് 11 അംഗങ്ങളുടെ പിന്തുണ കിട്ടിയപ്പോൾ പി കെ രാഗേഷിന് കിട്ടിയത് 9 പേരുടെ വോട്ടാണ്.
മാർട്ടിൻ ജോർജ്ജിനായിരുന്നു എറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. കെ സുധാകരനുമായുള്ള അടുപ്പവും കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ മാർട്ടിൻ പിന്മാറിയതോടെയാണ് കണക്കിൽ മൂന്നാമനായി മാത്രം കണക്കാക്കിയിരുന്നു ടി ഒ മോഹനന് അവസരമൊരുങ്ങിയത്. കണ്ണൂർ കോർപ്പറേഷനിൽ സുപരിചിതനായ നേതാവണ് അഭിഭാഷകൻ കൂടിയായ മോഹനൻ.നിലവില്‍ കണ്ണൂര്‍ ഡി.സി.സി. സെക്രട്ടറിറിയാണ് മോഹനന്‍. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നതോടെ വോട്ടിനിടാന്‍ തീരുമാനിക്കുകയായിരുന്നു.
കണ്ണൂരില്‍ മേയറെ തിരഞ്ഞെടുക്കാന്‍ യു.ഡി.എഫ്. രാവിലെ യോഗം ചേര്‍ന്നിരുന്നു. യു.ഡി.എഫിന് ഭരണം കിട്ടിയ കെപിസിസി വൈസ്പ്രസിഡന്റ് ടി. സിദ്ദീഖിന്റെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് തീരുമാനിച്ചത്. വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷ അഭിപ്രായം മോഹനന് അനുകൂലമായതോടെ മാര്‍ട്ടിന്‍ ജോര്‍ജ് മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ തവണ കോര്‍പ്പറേഷനിലെ കക്ഷി നേതാവായിരുന്നു ടി. ഒ. മോഹനന്‍. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡപ്യൂട്ടി മേയര്‍ പി കെ രാഗേഷ് എന്നിവരായിരുന്നു മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്ന മറ്റ് പേരുകള്‍.