തിരുവനന്തപുരം: കൊവിഡാനന്തര രോഗാവസ്ഥയും ആരോഗ്യവകുപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നു. കൊവിഡ് രോഗം ഭേദമായവരില്‍ 90 ശതമാനം പേര്‍ക്കും കൊവിഡാനന്തര രോഗാവസ്ഥ ഉണ്ടാകാമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞത്.
കടുത്ത തലവേദന, ക്ഷീണം എന്നിവയില്‍ തുടങ്ങി ഹൃദ്രോഗവും വൃക്കരോഗവും പക്ഷാഘാതവും വരെ ഉണ്ടാകാന്‍ സാദ്ധ്യതയുെണ്ടന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. 30 ശതമാനം പേര്‍ക്കും മൂന്നു മാസം വരെ സമാനമായ രോഗാവസ്ഥ തുടരാനും സാദ്ധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയില്‍ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന തരത്തിലേക്ക് കൊവിഡ് വൈറസ് മാറിയിട്ടുണ്ടെന്നും വിദഗ്ദ്ധര്‍ സൂചിപ്പിച്ചു.
എന്‍സൈം – വൈറസ് കൂട്ടുകെട്ട്
ഹൃദയത്തിന്റെ സാധാരണ നിലയിലും വിവിധ രോഗാവസ്ഥയിലും ഉള്ള പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുള്ള ആന്റിജന്‍സിന് കണ്‍വേര്‍ട്ടിംഗ് എന്‍സൈം-2 (എ.സി.ഇ-2) എന്ന എന്സൈമായി ചേര്‍ന്നാണ് കൊവിഡ് വൈറസ് ശരീര കോശങ്ങളില്‍ എത്തുന്നത്. ഈ എന്‍സൈം – വൈറസ് കൂട്ടുകെട്ട് ശരീരത്തില്‍ എ.സി.ഇ-2 നടത്തുന്ന പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും അത് ഹൃദയ പേശികളില്‍ ബലക്കുറവ് അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം
കൊവിഡ് ഭേദമായ കുഞ്ഞുങ്ങളില്‍ ഹൃദയം അടക്കം വിവിധ അവയവങ്ങളെ ബാധിക്കുന്ന തുടര്രോഗാവസ്ഥയ്ക്കും വലിയ സാദ്ധ്യതയാണുള്ളത്. ശ്വാസകോശത്തിന് പുറമേ രക്തക്കുഴലുകളെയും കൊവിഡ് ബാധിച്ചേക്കാം. പിന്നീട് ഇത് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്ത വിതരണത്തെ ബാധിക്കുകയും അത് മറ്റ് പല രോഗാവസ്ഥകള്‍ക്കും കാരണമാകാമെന്നും പഠനങ്ങളില്‍ പറയുന്നു. കൊവിഡ് ദേഭമായി രണ്ടാഴ്ച മുതല്‍ ഒരു മാസം വരെയുള്ള കാലയളവിലാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം (പലവിധ അവയവങ്ങളെ ബാധിക്കുന്ന നീര്‍ക്കെട്ട്) എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്.