അഗസ്ത്യാര്‍ കൂട യാത്രയ്ക്ക് തയ്യാറെടുത്ത് സ്ത്രീകള്‍. വനംവകുപ്പിന്റെ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ തുടങ്ങും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കും മലകയറാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ശബരിമലയില്‍ സ്ത്രീകള്‍ കയറിയതിന് പിന്നാലെയാണ് അഗസ്ത്യാര്‍ കൂടം കയറാന്‍ കോടതി അനുമതി നല്‍കിയത്. ശബരിമല യുവതീ പ്രവേശനം വലിയ ചര്‍ച്ചയായിരിക്കെയാണ് അഗസ്ത്യാര്‍ കൂടം കയറാന്‍ സ്ത്രീകളൊരുങ്ങുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ത്രീ സംഘങ്ങള്‍ നടത്തുന്ന നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടാക്കിയത്. സ്ത്രീകളുടെ ആവശ്യത്തെ തുടര്‍ന്ന് അഗസ്ത്യാര്‍കൂടത്തിന്റെ ബേസ്സ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി കഴിഞ്ഞ വര്‍ഷം വനംവകുപ്പ് ഉത്തരവിറക്കി. അഗസത്യാര്‍കൂടമലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരെ ആദിവാസികളും ചില സംഘടനകളും ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ മലയുടെ ഏറ്റവും മുകളില്‍വരെ അനുമതിവേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടും യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു.
ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകള്‍ക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാന്‍ കോടതി അനുമതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ വിജ്ഞാപനം. 14 വയസ്സിന് മുകളില്‍ പ്രായവും കായികകക്ഷമതയുമുള്ള ആര്‍ക്കുവേണമെങ്കിലും അപേക്ഷിക്കാം. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. സ്ത്രീകള്‍ വരുന്ന പശ്ചാത്തലത്തില്‍ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും ഫോറസ്റ്റിന്റെ വനിതാ ഗാര്‍ഡുമാര്‍ ഉണ്ടാകുമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷാജികുമാര്‍ പറഞ്ഞു.ബേസ് ക്യാമ്പില്‍ സ്ത്രീകള്‍ക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്. സ്ത്രീകളെത്തുന്നതിനെ എതിര്‍ക്കുന്ന കാണിവിഭാഗക്കാര്‍ വിജ്ഞാപനത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. ജനുവരി 14 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് അഗസ്ത്യാര്‍ക്കൂട യാത്ര.



