ഡാലസ്: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതിനു പിന്നാലെ വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരശേഷം റൊണാള്‍ഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ഫുട്ബോള്‍ പ്രേമികള്‍ക്ക് നൊമ്പരക്കാഴ്ചയായി. തന്റെ അവസാന ലോകകപ്പ് കളിച്ച റൊണാള്‍ഡോ മൈതാനം വിടുന്ന കാഴ്ച കായിക ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തി.
2006ല്‍ തന്റെ ആദ്യ ലോകകപ്പ് കളിച്ച റൊണാള്‍ഡോ, ഈ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് മത്സരത്തിന് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ വികാരാധീനനായ റൊണാള്‍ഡോ മൈതാനത്ത് നില്‍ക്കുകയും പിന്നീട് കണ്ണീരടക്കാന്‍ പാടുപെടുകയും ചെയ്തു. സ്പാനിഷ് കൗമാരതാരം ലമിന്‍ യമാല്‍, റൊണാള്‍ഡോയുടെ അടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തു. സ്പെയിന്‍ താരങ്ങളെയും പോര്‍ച്ചുഗലിലെ സഹതാരങ്ങളെയും അഭിനന്ദിച്ച ശേഷം കരഞ്ഞുകൊണ്ടാണ് അദ്ദേഹം ടണലിലൂടെ മടങ്ങിയത്.
ഈ ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ റൊണാള്‍ഡോ നേടിയിരുന്നു. തന്റെ 20 വര്‍ഷത്തെ കരിയറില്‍ ലോകകപ്പ് കിരീടം മാത്രം അദ്ദേഹത്തിന് നേടാനായില്ല. 2006-ലെ സെമി ഫൈനല്‍ പ്രവേശനമാണ് അദ്ദേഹത്തിന്റെ ലോകകപ്പിലെ ഏറ്റവും മികച്ച നേട്ടം.







