ചരിത്രമെഴുതി കേപ് വെര്‍ദെ നോക്കൗട്ടില്‍, എതിരാളികള്‍ അര്‍ജന്റീന; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്

വാഷിങ്ടണ്‍: സ്‌പെയിനിന്റെ മൂര്‍ച്ചയേറിയ ആക്രമണങ്ങളെ പ്രതിരോധിക്കുകയും ഹൈപ്രസ്സിങ് ഗെയിം പുറത്തെടുക്കുകയും ചെയ്തിട്ടും ഒറ്റ ഗോള്‍ തോല്‍വിയോടെ യുറഗ്വായ് ലോകകപ്പില്‍ നിന്ന് പുറത്ത്. രണ്ടാം ജയത്തോടെ സ്‌പെയിന്‍ നോക്കൗട്ടില്‍. അലക്‌സ് ബയേനയാണ് സ്‌പെയിനിന്റെ ഏക ഗോള്‍ നേടിയത്. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ സൗദിയോട് സമനില വഴങ്ങിയ കേപ് വെര്‍ദെ നോക്കൗട്ടില്‍ കടന്ന് ചരിത്രമെഴുതി. പങ്കെടുത്ത ആദ്യ ലോകകപ്പില്‍ തന്നെ നോക്കൗട്ടിലേക്ക് മുന്നേറാന്‍ കേപ് വെര്‍ദെയ്ക്കായി. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ട് പ്രവേശം.

മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴുപോയന്റോടെ സ്പെയിന്‍ ഗ്രൂപ്പ് ജേതാക്കളായി. രണ്ട് സമനില മാത്രമുള്ള യുറഗ്വായ് രണ്ട് പോയന്റോടെ ഗ്രൂപ്പില്‍ മൂന്നാമത്. അതോടെ പുറത്തായി. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയില്‍ കലാശിച്ച കേപ് വെര്‍ദെ മൂന്ന് പോയന്റോടെ ഗ്രൂപ്പില്‍ രണ്ടാമതായി. റൗണ്ട് ഓഫ് 32 വില്‍ അര്‍ജന്റീനയാണ് കേപ് വെര്‍ദെയുടെ എതിരാളികള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുറഗ്വായ് മികച്ച പ്രസ്സിങ് ഗെയിം പുറത്തെടുത്തതോടെ സ്‌പെയിനിന് കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും ചെയ്യാനായില്ല. സ്‌പെയിനിന്റെ ആക്രമണങ്ങളെ യുറഗ്വായ് ചെറുക്കുകയും ചെയ്തു. കൗമാരതാരം ലാമിന്‍ യമാലിന്റെ മുന്നേറ്റങ്ങളെല്ലാം യുറഗ്വായ് ഫുള്‍ ബാക്ക് സനബ്രിയ തടഞ്ഞു. വിങ്ങുകളില്‍ നിന്ന് കാര്യമായി മുന്നേറാന്‍ സ്‌പെയിനിന് സാധിച്ചില്ല. മറുവശത്ത് കിട്ടിയ അവസരങ്ങളില്‍ യുറഗ്വായ് കിടിലന്‍ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് സ്‌പെയിന്‍ വലകുലുക്കി.

42-ാം മിനിറ്റില്‍ അലക്‌സ് ബയേനയാണ് സ്‌പെയിനിനായി ഗോളടിച്ചത്. വലതുവിങ്ങില്‍ നിന്ന് മാര്‍ക്കോസ് ലോറന്റെ നല്‍കിയ പാസ് പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് ബയേന മികച്ച ഷോട്ടിലൂടെ വലയിലെത്തിച്ചു. യുറഗ്വായ് ഗോളി ഫെര്‍ണാണ്ടോ മുസ്ലേര തടയാന്‍ ശ്രമിച്ചെങ്കിലും ഗ്ലൗവില്‍ തട്ടി പന്ത് വലയിലെത്തി. അതോടെ ആദ്യ പകുതി ഒരു ഗോളിന് സ്‌പെയിന്‍ മുന്നിട്ടുനിന്നു. കേപ് വെര്‍ദെ-സൗദി മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. അതോടെ കോപ് വെര്‍ദെ ആ ഘട്ടത്തില്‍ പട്ടികയില്‍ രണ്ടാമതെത്തി.

രണ്ടാം പകുതിയില്‍ ഗോള്‍ കീപ്പറെ മാറ്റിയാണ് യുറഗ്വായ് ഇറങ്ങിയത്. ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരയ്ക്ക് പകരം സെര്‍ജിയോ റോഷറ്റിനെ കളത്തിലിറക്കി. തിരിച്ചടി ലക്ഷ്യമിട്ട് മികച്ച നീക്കങ്ങളുമായി യുറഗ്വായ് കളംനിറഞ്ഞു. മാത്രമല്ല, ഹൈപ്രസ്സിങ് പുറത്തെടുത്ത് സ്‌പെയിനിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. എന്നാല്‍ യുറഗ്വായ്ക്ക് ഗോള്‍ മടക്കാന്‍ സാധിച്ചില്ല. ഒടുക്കം ഒരു ഗോള്‍ തോല്‍വിയോടെ യുറഗ്വായ് പുറത്ത്. അതേസമയം സൗദിക്കെതിരേ അതിശക്തമായ ആക്രമണമാണ് കേപ് വെര്‍ദെ പുറത്തെടുത്തത്. മത്സരത്തിലുടനീളം കേപ് വെര്‍ദെ മുന്നേറ്റം സൗദി ബോക്‌സില്‍ കയറിയിറങ്ങി. എന്നാല്‍ ഗോള്‍ മാത്രം അകന്നു. ഗോള്‍ രഹിതസമനിലയോടെ ഗ്രൂപ്പില്‍ രണ്ടാമതായി നോക്കൗട്ടില്‍.

 

 

Top