ചെക്കിനെ തകര്‍ത്തു, ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്സിക്കോ; കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക രണ്ടാമത്

മെക്സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ നാടകീയമായ അന്ത്യത്തിലേക്ക്. ഗ്രൂപ്പ് എയില്‍ ഇന്ന് നടന്ന അവസാന റൗണ്ട് മത്സരങ്ങളില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായ മെക്സിക്കോ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്നപ്പോള്‍, മറുഭാഗത്ത് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക നോക്കൗട്ടിലേക്ക് നേരിട്ട് യോഗ്യതനേടി. ഗ്രൂപ്പില്‍ മൂന്നാംസ്ഥാനക്കാരായ കൊറിയയ്ക്ക് നോക്കൗട്ടില്‍ പ്രവേശിക്കാന്‍ ഇനി മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങള്‍വരുന്നത് വരെ കാത്തിരിക്കണം.

മൂന്നില്‍ മൂന്നും വിജയിച്ച് സമ്പൂര്‍ണ്ണ ആധിപത്യത്തോടെയാണ് മെക്സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഇന്നത്തെ വിജയവും ചെക്ക് റിപ്പബ്ലിക്കുമായി സമനിലയും നേടി ദക്ഷിണാഫ്രിക്ക രണ്ടാമതെത്തുകയും ചെയ്തു. മൂന്നില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമായി ചെക്ക് റിപ്പബ്ലിക്ക് പുറത്താകുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മെക്സിക്കോ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ മികച്ച പ്രതിരോധക്കൂട്ടായ്മയുമായി ചെക്ക് റിപ്പബ്ലിക്കിന് ആതിഥേയരെ ഗോള്‍രഹിത സമനിലയില്‍ തളച്ചിടാനായി. എന്നാല്‍ രണ്ടാം പകുതിയില്‍ തന്ത്രങ്ങള്‍ മാറ്റിയ മെക്സിക്കോ മത്സരത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുത്തു.

രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ 54-ാം മിനിറ്റില്‍ മാറ്റിയോ ചാവേസ് മെക്സിക്കോയ്ക്കായി ആദ്യ ഗോള്‍ നേടി സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. ആദ്യ ഗോളിന്റെ ആവേശം അടങ്ങുന്നതിന് മുന്‍പ് തന്നെ ചെക്ക് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ജൂലിയന്‍ ക്വിനോണസ് മെക്സിക്കോയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ആല്‍വാരോ ഫിഡാല്‍ഗോ മെക്‌സിക്കോയുടെ വിജയപ്പട്ടിക തികച്ചുകൊണ്ട് മൂന്നാം ഗോള്‍ നേടി.

മെക്സിക്കോയുടെ യുവ മിഡ്ഫീല്‍ഡര്‍ ഗില്‍ബെര്‍ട്ടോ മോറ ഇന്നത്തെ മത്സരത്തോടെ ചരിത്രത്തിന്റെ ഭാഗമായി. ലോകകപ്പ് ചരിത്രത്തില്‍ മെക്സിക്കോയ്ക്കായി ആദ്യ ഇലവനില്‍ ഇറങ്ങി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ (17 വയസ്സ്) എന്ന റെക്കോര്‍ഡാണ് മോറ സ്വന്തമാക്കിയത്.

ഗ്രൂപ്പിലെ ആവേശകമായ മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ വമ്പന്‍മാരായ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തത്. പ്രീ-ക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍ ഒരു സമനിലയെങ്കിലും ലക്ഷ്യമിട്ടാണ് ദക്ഷിണ കൊറിയ കളത്തിലിറങ്ങിയത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍രഹിത സമനിലയിലായിരുന്നു കളി.

63-ാം മിനിറ്റില്‍ നടത്തിയ ഒരു തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ വിധി എഴുതി. ഷെപാങ് മൊറേമിയുടെ പാസില്‍ നിന്ന് തപെലോ മാസെകോ ആണ് ടീമിന്റെ വിജയഗോള്‍ നേടിയത്.

 

 

Top