മാസ്സ് ആയി മഞ്ഞപ്പട: ജപ്പാനെ തകര്‍ത്ത് ബ്രസീല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍

ഫിഫ ലോകകപ്പിലെ ഹൂസ്റ്റണില്‍ നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാനെതിരെ കളിയുടെ അവസാന നിമിഷങ്ങളില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ ബ്രസീലിനു നാടകീയ വിജയം. ആവേശകരമായ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണു അഞ്ചു തവണ കിരീടം ഉയര്‍ത്തിയ കാനറികള്‍ മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയിച്ചത്. പ്രീക്വാര്‍ട്ടറില്‍ ഐവറി കോസ്റ്റിനെയോ നോര്‍വേയെയോ ആകും ബ്രസീലിനു നേരിടേണ്ടിവരിക.

ആവേശകരമായ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ജപ്പാനെ കണ്ണീരിലാഴ്ത്തിയ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഗോള്‍ പിറന്നത്. ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബ്രൂണോ ഗുയിമറേസ് നല്‍കിയ പാസ് ജപ്പാന്റെ ഗോള്‍വലയ്ക്ക് സമീപം മാര്‍ട്ടിനെല്ലി സ്വീകരിച്ചത്. പെനാല്‍റ്റി ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനെ ശ്രദ്ധിക്കാതെ അദ്ദേഹം തൊടുത്ത ഷോട്ട് ജപ്പാന്റെ ഗോളി സുസുകിയെയും മറികടന്ന് വല കുലുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ സ്വപനസമാനമായ തുടക്കമായിരുന്നു ആദ്യപകുതിയില്‍ ജപ്പാന് ലഭിച്ചത്. കാര്‍ലോ അന്‍സലോട്ടിയുടെ ടീമിനെ അവര്‍ ശരിക്കും വെള്ളം കുടിപ്പിച്ചു. ബ്രസീലിയന്‍ അക്രമങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന വിനീഷ്യസിനെ മികച്ച രീതിയില്‍ പൂട്ടിയ അവര്‍ ബ്രസീലിനെ ശ്വാസം മുട്ടിച്ചു. ഒടുവില്‍ കളിയുടെ 29ആം മിനുട്ടില്‍ അവര്‍ ലീഡ് സ്വന്തമാക്കി. അത്ര അപകടകാരിയെന്ന് തോന്നാതിരുന്ന ഒരു പാസ് സ്വീകരിച്ച കൈഷു സാനോ ബ്രസീലിയന്‍ പ്രതിരോധത്തിലെ ദൗര്‍ബല്യം മുതലാക്കി ഇടതു വശത്തെ വിടവിലേക്ക് കുതിച്ചു കയറിയ ശേഷം തൊടുത്ത പാസ്സ് ബ്രസീലിയന്‍ വല കുലുക്കി.

എന്നാല്‍ രണ്ടാം പകുതിയില്‍ കഥ മാറി. എന്‍ഡ്രിക് പകരക്കാരനായി കളത്തിലെത്തിയതോടെ അതുവരെ മികച്ച മാര്‍ക്കിങ് മൂലം വലഞ്ഞ വിനിഷ്യസിനു കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചു. ഒപ്പം പ്രതിരോധത്തില്‍ ഊന്നി കളിക്കാമെന്ന ജപ്പാന്റെ തന്ത്രവും കളി ഏറെക്കുറെ പൂര്‍ണ്ണമായും അവരുടെ ബോക്‌സിനുള്ളിലാക്കി. ഒടുവില്‍ 56ആം മിനുട്ടില്‍ ഗോളെന്നുറച്ച രണ്ടു അവസരങ്ങള്‍ തട്ടിക്കളഞ്ഞ ജാപ്പനീസ് ഗോളി സുസുക്കിക്ക് പാളി. ഗബ്രിയേല്‍ മഗല്‍ഹേസില്‍ നിന്ന് ലഭിച്ച പാസ്സ് കാസെമിറോ വലയിലെത്തിച്ചു ടീമിനെ ഒപ്പമെത്തിച്ചു.

 

Top