ന്യൂദല്‍ഹി: കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തിലെത്തിയാല്‍ നാല് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയത് പോലെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
‘നാല് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയത് പോലെ കാര്‍ഷിക വായ്പ എഴുതി തള്ളുന്നത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കും. കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കും. അല്ലാത്ത സ്ഥലത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കും. ഈ നാല് സംസ്ഥാനങ്ങള്‍ക്ക് കിട്ടിയ ആനുകൂല്യം എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരിക്കും എന്നാണ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനം.’ മനോരമ ന്യൂസിനോടാണ് കെ.സി വേണുഗോപാലിന്റെ പ്രതികരണം.
‘ന്യായ്’ ഇന്ത്യയിലെ പാവപ്പെട്ടവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാവുന്ന പദ്ധതിയാണ്. പക്ഷെ ബി.ജെ.പി പ്രധാന വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ച് വിടുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. കശ്മീരിലെ ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തുള്ള രാഷ്ട്രീയ പരിഹാരം വേണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ച കാര്യമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ്സ് പ്രകടന പത്രിക ദേശവിരുദ്ധരെയും മാവോവാദികളെയും സംരക്ഷിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചിരുന്നു.
അതേസമയം തന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ഗാന്ധി. ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് തന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വമെന്നായിരുന്നു രാഹുലിന്റെ മറുപടി. ദക്ഷിണേന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി തഴഞ്ഞു. ദക്ഷിണേന്ത്യക്കാരെ പല ഘട്ടത്തിലും മോദി മാറ്റിനിര്‍ത്തി. ഞാന്‍ അവിടത്തെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന പ്രഖ്യാപനമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ സുപ്രധാന വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും അതിലൊന്നും തങ്ങള്‍ വീഴില്ലെന്നും രാഹുല്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്ന് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഉറപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തുടക്കം മുതല്‍ ബി.ജെ.പിയും സി.പി.എമ്മും രംഗത്തെത്തിയിരുന്നു. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയ വത്ക്കരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെയായിരുന്നു മോദിയുടെ വര്‍ഗീയ പരമാര്‍ശം.