കൊച്ചി :ആലപ്പുഴയിലെ ക്രൂരമായാണ് കൊലപാതകത്തിൽ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും മുന്‍പ് പ്രതികളായവരും പട്ടികയില്‍ ഉണ്ടാവണം. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
ജില്ലാ അടിസ്ഥാനത്തിലാണ് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ബിജെപി- എസ്ഡിപിഐ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കുന്നത്.പട്ടിക തയ്യാറാക്കി ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണം. ജാമ്യത്തില്‍ കഴിയുന്ന പ്രതികള്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.
വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. ഇത്തരം സന്ദേശങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി.
ഇത്തരം ചര്‍ച്ചകള്‍ക്ക് അനുവാദം നല്‍കുന്ന ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും. സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്താന്‍ എല്ലാ ജില്ലകളിലേയും സൈബര്‍ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.