ബംഗളൂരു: എംഎല്‍എമാരുടെ കൂട്ട രാജിയോടെ പ്രതിസന്ധിയിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ രക്ഷിക്കാന്‍ അവസാന അടവും പുറത്തെടുത്ത് കോണ്‍ഗ്രസ് നേതൃത്വം. സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയ വിമത എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിനായി മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരും രാജിവച്ചു.
മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി ഒഴികെയുള്ള ജെ.ഡി.എസ് മന്ത്രിമാരും ഉടന്‍ രാജിവയ്ക്കും. ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് മന്ത്രിമാര്‍ രാജിവയ്ക്കാനുള്ള തീരുമാനമുണ്ടായത്. അധികാരമല്ല സര്‍ക്കാരിനെ സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ലോക്സഭയില്‍ കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. ചോദ്യോത്തരവേള കഴിഞ്ഞ് പ്രശ്നം ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്സഭയില്‍ പ്രതിഷേധിച്ചു.
അതേസമയം, സഖ്യസര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന സ്വതന്ത്ര എം.എല്‍.എ എച്.നാഗേഷ് തന്റെ മന്ത്രിസ്ഥാനം രാജിവച്ചതോട് കൂടി കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ ജനുവരിയില്‍ സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് എച്ച്. നാഗേഷും കെ.പി.ജെ.പി അംഗം ആര്‍. ശങ്കറും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ജൂണില്‍ ഇരുവര്‍ക്കും മന്ത്രിസ്ഥാനങ്ങള്‍ നല്‍കി പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു. ഇതിനിടയിലാണ് രാജി.
എന്നാല്‍, നാഗേഷിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.അതേസമയം, പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ സ്വീകരിക്കില്ലെന്നാണ് സൂചന. ഇതിനെതിരെ എം.എല്‍ എ മാര്‍ക്ക് കോടതിയില്‍ പോകാം.പക്ഷേ ഇതിലെ നിയമനടപടികള്‍ നീണ്ടുപോകാന്‍ ഇടയുണ്ട്. ഇതിനിടെ കൂടുതല്‍ കൂറുമാറ്റങ്ങളുണ്ടായാല്‍ നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യാം.
എന്നാല്‍ ഗവര്‍ണര്‍ക്ക് ഇത് തള്ളിക്കളഞ്ഞ് ബി.ജെ.പിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കാം. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ എന്ത് നിലപാടെടുക്കുമെന്ന് കാത്തിരുന്ന് കാണ്ടേണ്ടതാണ്. സ്വതന്ത്ര എം.എല്‍.എ കൂടി പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചെന്നും മുഖ്യമന്ത്രി കുമാരസ്വാമി രാജിവയ്ക്കണമെന്നും ബി.ജെ.പിയും ആവശ്യപ്പെട്ടിട്ടുണ്ട്.