പണിമുടക്കില്‍ ചിലയിടത്ത് അക്രമം; ടാക്‌സിയുടെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു

18TVKZHARTAL_GLE3E7

തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കില്‍ വാഹനങ്ങളൊന്നും തന്നെ നിരത്തിലിറക്കാന്‍ പ്രതിഷേധക്കാര്‍ സമ്മതിക്കുന്നില്ല. ടാക്‌സികള്‍ പോലും തടഞ്ഞുവെച്ചു. യൂബര്‍ ടാക്‌സിയുടെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരായാണ് പണിമുടക്ക് നടത്തുന്നത്. എഫ്എസിടിയില്‍ ജോലിക്കെത്തിയവരെ തൊഴിലാളി സംഘടന നേതാക്കള്‍ തടഞ്ഞു. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളെല്ലാം പങ്കെടുക്കുന്ന പണിമുടക്കില്‍നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കി. റെയില്‍വേ ഒഴികെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നാണു സമരസമിതിയുടെ അഭ്യര്‍ഥന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. ടെക്‌നോപാര്‍ക്ക്, ഐഎസ്ആര്‍ഒ ജീവനക്കാരോടും പണിമുടക്കില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ വിവിധ ട്രേഡ് യൂണിയനുകളുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

അധ്യാപക, സര്‍വീസ് സംഘടനകളും പണിമുടക്കുന്നതോടെ സര്‍ക്കാര്‍ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ തടസപ്പെടുത്തില്ലെന്നാണു നേതാക്കളുടെ ഉറപ്പ്.

അസംഘടിത തൊഴിലാളികള്‍ക്കു സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, മിനിമം വേതനം 18,000 രൂപയാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്തട്രേഡ് യൂണിയന്‍സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. ചില ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായതോടെ, ബിഎംഎസ് പണിമുടക്കല്‍നിന്നു പിന്മാറി. സിഐടിയുവും ഐഎന്‍ടിയുസിയും ഉള്‍പ്പടെ പത്തുസംഘടനകളാണു സമരത്തില്‍ പങ്കെടുക്കുക.

Top