വാഷിംങ്ടണ്‍: ഉക്രെയിന്‍ യാത്രാ വിമാനം ഇറാനില്‍ തകര്‍ന്നു വീണ സംഭവത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമാവുന്നു. യന്ത്രതകരാറാണ് വിമാനപകടകത്തിന് ഇടയാക്കിയതെന്ന് ഇറാന്‍ വാദിക്കുമ്പോഴും ഇറാന്‍റെ ഭാഗത്ത് നിന്നുണ്ടായ അബദ്ധത്തിലുള്ള ആക്രമണമാണ് വിമാനം തകര്‍ന്നു വീഴാനിടയാക്കിയതെന്ന തരത്തിലുള്ള നിരവധി റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ജോര്‍ദ്ദാന്‍ വാര്‍ത്താ ഏജന്‍സിയായ അല്‍ഹാദത്ത് ആയിരുന്നു ഇറാന്‍ ആക്രമണമാണ് വിമാനപകടത്തിന് ഇടയാക്കിയതെന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങളും ഈ വാദം മുന്നോട്ട് വെക്കുന്നു. ഒപ്പം വിമാനം തകര്‍ന്നു വീഴുന്നതിന്‍റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
അതേസമയം ടെഹ്റാനില്‍ ഉക്രേനിയന്‍ വിമാനം തകര്‍ന്നു വീണതില്‍ തനിക്ക് സംശയമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 176 പേര്‍ കൊല്ലപ്പെട്ട ആ സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ വാര്‍ത്ത ഇറാന്‍ നിഷേധിച്ചു.
ബുധനാഴ്ച രാവിലെ വിമാനം പറന്നുയരുന്നതിനിടെ ഇറാന്‍ രണ്ട് ഉപരിതല മിസൈലുകള്‍ പ്രയോഗിച്ച് വിമാനത്തെ തകര്‍ക്കുകയായിരുന്നു എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥര്‍ യുഎസ് മാധ്യമങ്ങളോട് പറഞ്ഞു. ആകാശത്തുവെച്ചു തന്നെ വിമാനം പൊട്ടിത്തെറിച്ച് തീജ്വാല വിഴുങ്ങിയിരുന്നു. സാറ്റലൈറ്റ്, റഡാര്‍, ഇലക്‌ട്രോണിക് ഡാറ്റ എന്നിവ അടിസ്ഥാനമാക്കിയാണ് യുഎസിന്റെ ഈ നിഗമനം.
ഇറാനിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ടെഹ്റാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതിന് തൊട്ടു പിന്നാലെയാണ് ബാഗ്ദാദില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇറാന്‍ സൈനിക ജനറല്‍ കാസെം സൊലൈമാനിയെ യു എസ് വധിച്ചത്.
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാന്‍ രണ്ട് റഷ്യന്‍ നിര്‍മ്മിത മിസൈലുകള്‍ തൊടുക്കുന്നതിന്‍റെ ശബ്ദവും വെളിച്ചവും ലഭിച്ചുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാഖിലെ അമേരിക്കന്‍ സേനാ താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത്.ഇറാനിയന്‍ മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്ന് വ്യക്തമാവുന്നു ഉപഗ്രഹദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യൻ നിർമിത ടോർ-എം 1 മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്ന് പെന്റഗണും യുഎസ് അധികൃതരും ആരോപിച്ചു.
ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം ഇറാന്‍ വിക്ഷേപിച്ച മിസൈല്‍ ഒരു വസ്തുവിനെ ആകാശത്ത് വെച്ച് തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുമ്പോഴും ദൃശ്യത്തിലെ സമയവും വിമാനം തകര്‍ന്ന് വീണ സമയവും ഏകദേശം ഒന്നാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.