കുഞ്ഞുങ്ങള്‍ അമ്മയുടെ വയറ്റില്‍ എങ്ങനെയാണ് വളരുന്നത്? അവര്‍ എങ്ങനെയാണ് സുരക്ഷിതമായിരിക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഗര്‍ഭസ്ഥ ഉറ അല്ലെങ്കില്‍ അമ്‌നിയോട്ടിക് സാക്. പ്രസവിക്കുമ്പോള്‍ ഗര്‍ഭസ്ഥ ഉറ പൊട്ടിയാണ് കുഞ്ഞ് പുറത്തേക്ക് വരുന്നത്. എന്നാല്‍, ഇവിടെ ഒരു അത്ഭുത കാഴ്ചയാണ് കണ്ടത്.
സ്‌പെയിനില്‍ ശനിയാഴ്ച നടന്ന ഒരു പ്രസവത്തില്‍ ഈ ഉറ പൊട്ടിയില്ല. ഉറയോട് കൂടി കുട്ടി പുറത്ത് വന്നതിന്റെ അപൂര്‍വ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഈ സ്ത്രീ ഇരട്ടക്കുട്ടികള്‍ക്കാണ് ഇവിടെ ജന്മമേകിയിരുന്നത്. എന്നാല്‍ ഇതിലെ ആദ്യ കുട്ടി സാധാരണനിലയില്‍ ജനിച്ച് മിനുറ്റുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടി ഉറയോട് കൂടി പുറത്ത് വന്നിരുന്നതെന്നതും ശ്രദ്ധേയമാണ്. സാധാരണ പ്രസവത്തിലാണീ അത്ഭുത പ്രതിഭാസം സംഭവിച്ചിരിക്കുന്നത്. 80,000 പ്രസവങ്ങളില്‍ ഒന്നില്‍ മാത്രമാണീ അത്ഭുതം സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ഈ കുട്ടി ഉറയ്ക്കുള്ളില്‍ ഒരു ഹോസ്പിറ്റല്‍ ടേബിളിന് മുകളില്‍ കിടക്കുന്നതിന്റെ വ്യക്തമായ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. നീല പൊക്കിള്‍ക്കോടിയോടെ കുട്ടി ഈ ഉറയ്ക്കുള്ളില്‍ കിടന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതായി കാണാം. തങ്ങളുടെ പ്രഫഷനില്‍ ഒരിക്കല്‍ മാത്രം കാണാന്‍ സാധിക്കുന്ന ഈ അപൂര്‍വത ദര്‍ശിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ടേബിളിന് ചുറ്റും കൂടി നില്‍ക്കുന്നതായി കാണാം.
സാധാരണ നിലയില്‍ പ്രസവത്തിന്റെ സമയത്ത് ഈ ഉറ പൊട്ടുകയാണ് പതിവ്. ഇവിടെ അതുണ്ടായില്ലെന്നതാണ് ഈ പ്രശ്‌നത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉറ പൊട്ടിച്ച് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ 6.8 മില്യണ്‍ പേരാണ് ഒരു ദിവസം കൊണ്ട് കണ്ടിരിക്കുന്നത്. ഈ വര്‍ഷം ആദ്യം ഇത്തരത്തിലുള്ള സംഭവം സ്‌പെയിനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ഡോക്ടര്‍മാര്‍ കത്രിക കൊണ്ട് ഈ ഉറയില്‍ ഒരു തുളയിട്ട് കൊടുക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു. അന്ന് ഈ വീഡിയോ 26 മില്യണ്‍ സോഷ്യല്‍ മീഡിയ യൂസര്‍മാരായിരുന്നു കണ്ടിരുന്നത്.