ന്യൂഡൽഹി: കോവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി പരത്തുന്ന പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ രാജ്യാന്തര ഷെഡ്യൂൾഡ് വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം പിൻവലിച്ച് ഇന്ത്യ. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവിസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള തീരുമാനത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിമര്‍ശിച്ചിരുന്നു. ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ വൈകിയത് രോഗവ്യാപനം തീവ്രമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം, ഡൽഹിയിലെത്തിയ നാല് യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ നാല് പേരും ഔമൈക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയ ആറ് യാത്രക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.